പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച: മെല്‍ബണിലെ ഹോട്ടലില്‍ തീവ്ര വലതുപക്ഷ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച: മെല്‍ബണിലെ ഹോട്ടലില്‍ തീവ്ര വലതുപക്ഷ പ്രതിഷേധം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിലായിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെ മെല്‍ബണില്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്റെ വംശീയ അധിക്ഷേപവും പ്രതിഷേധവും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹ്യൂഗോ ലെനോണ്‍ (22) എന്ന തീവ്ര വലതുപക്ഷ പ്രവര്‍ത്തകനാണ് ആക്രമണാത്മക രീതിയില്‍ പ്രതിഷേധിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബഹളം ആരംഭിച്ച ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘവും പ്രാദേശിക പൊലീസും ചേര്‍ന്ന് ഇയാളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.

പ്രധാനമന്ത്രി തങ്ങിയിരുന്ന പ്രമുഖ ഹോട്ടല്‍ ലോബിയിലാണ് അതീവ സുരക്ഷാ സംവിധാനങ്ങളെല്ലാം കാറ്റില്‍പ്പറത്തി യുവാവ് കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയത്. നേരത്തെ പ്രധാനമന്ത്രി പങ്കെടുത്ത ഔദ്യോഗിക സ്വീകരണ ചടങ്ങിലും ഇയാള്‍ സമാനമായ രീതിയില്‍ ബഹളമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെട്ടിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

ദ്വിദിന സന്ദര്‍ശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള ലോബിയില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാരന്‍ മോഡിയെ ലക്ഷ്യമാക്കി ഉറക്കെ ബഹളം വയ്ക്കുകയായിരുന്നു. 'ഇത് ഓസ്‌ട്രേലിയയാണ്, ഇവിടെ ഇനി ഇന്ത്യക്കാര്‍ വേണ്ട, കുടിയേറ്റം പൂര്‍ണമായും അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്‌ട്രേലിയക്കാര്‍ക്കുള്ളതാണ്' എന്ന് ഇയാള്‍ ആക്രോശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തലവന്മാര്‍ താമസിക്കുന്ന അതീവ സുരക്ഷാ മേഖലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇയാള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നത് വലിയ ചോദ്യമുയര്‍ത്തുന്നു. ബഹുനില ഹോട്ടലിലെ കനത്ത സുരക്ഷാ വലയം ഭേദിച്ച് ഇയാള്‍ക്ക് ബാല്‍ക്കണിയില്‍ എത്താന്‍ സാധിച്ചത് സുരക്ഷാ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.