ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിച്ചതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം മന്ദീഭവിച്ചു. എന്നാൽ ഈ പ്രതിസന്ധിക്കിടയിലും ഇറാൻ തങ്ങളുടെ എണ്ണയും ചരക്കുകളും വഹിച്ചുകൊണ്ടുള്ള കപ്പലുകളുടെ നീക്കം അതിവേഗത്തിൽ തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഷിപ് ട്രാക്കിങ് സ്ഥാപനമായ വിൻഡ്‌വാർഡിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹോർമുസ് വഴിയുള്ള വാണിജ്യ ഗതാഗതത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് 18 മുതൽ 22 കപ്പലുകൾ വരെ കടന്നുപോയിരുന്ന സ്ഥാനത്ത് കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ആറ് കപ്പലുകൾ മാത്രമാണ് കടലിടുക്ക് പിന്നിട്ടത്. സംഘർഷ സാധ്യത മുൻനിർത്തി ഭൂരിഭാഗം കപ്പലുകളും മാറിനിൽക്കുകയാണ്.
അതേസമയം കപ്പലുകൾ തങ്ങളുടെ സ്ഥാനം രഹസ്യമാക്കാൻ ട്രാക്കിങ് ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്ത് സഞ്ചരിക്കുന്ന 'ഡാർക്ക് ട്രാൻസിറ്റ്' രീതി ഇറാന്റെ ഭാഗത്തുനിന്ന് കൂടുന്നതായി റിപ്പോർട്ടുണ്ട്. നിലവിൽ ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ 40 ശതമാനവും ഈ രീതിയിലാണ് സഞ്ചരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കടന്നുപോയ 101 കപ്പലുകളിൽ മൂന്നിലൊന്നും ഇറാന്റെ തീരത്തോട് ചേർന്ന പാതകളാണ് ഉപയോഗിച്ചത്. ഇവയിൽ ഭൂരിഭാഗവും ഇറാന്റെ എണ്ണ കയറ്റുമതിക്കോ ചരക്ക് ഇറക്കുമതിക്കോ വേണ്ടിയുള്ളവയാണ്. ജൂൺ 18 ന് ശേഷം 3.4 കോടി ബാരൽ ഇറാനിയൻ എണ്ണയാണ് ഹോർമുസ് വഴി വിദേശങ്ങളിലേക്ക് എത്തിയത്.
ഇറാനുമായുള്ള സംഘർഷം വീണ്ടും രൂക്ഷമായതോടെ നേരത്തെ നൽകിയിരുന്ന ഉപരോധ ഇളവുകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയാൽ ഇറാന്റെ കപ്പലുകളെ ലക്ഷ്യമിടുമെന്ന് യുഎസ് നാവികസേന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സമാധാന കരാർ പാളിയതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയരുകയാണ്.