ബാങ്കോക്ക്: തായ്‌ലൻഡിലെ ബാങ്കോക്കിൽ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 പേർ വെന്തുമരിച്ചു. അറുപതിലധികം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ചാടുചക് ജില്ലയിലെ 'റോങ് ബീയർ നാ ലാത് പ്രാവോ' എന്ന ബാറിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
പബ്ബിൽ പെർഫോം ചെയ്യുകയായിരുന്ന ഗായകൻ പറയുന്നതനുസരിച്ച് സ്ഫോടന ശബ്ദങ്ങൾ കേട്ടതിന് പിന്നാലെ നിമിഷങ്ങൾക്കുള്ളിൽ തീയും പുകയും പടരുകയായിരുന്നു. തീപിടിത്തമുണ്ടായ അരമണിക്കൂറിനുള്ളിൽ തന്നെ അഗ്നിശമന സേന തീയണച്ചെങ്കിലും അപ്പോഴേക്കും പബ്ബ് പൂർണമായും കത്തിയമർന്നിരുന്നു.
മരിച്ചവരിൽ 18 സ്ത്രീകളും ഒമ്പത് പുരുഷന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ 22 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ പിൻവശത്തും ടോയ്‌ലറ്റുകളിലും അഭയം തേടിയവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. പബ്ബിനുള്ളിലെ സാധനസാമഗ്രികളെല്ലാം പൂർണമായും നശിച്ചു.
സംഭവത്തിൽ തായ്‌ലൻഡ് പ്രധാനമന്ത്രി അനൂടിൻ ചാഹ്ന്‌വീരാകൂൻ അതീവ ദുഖം രേഖപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സംബന്ധിച്ചുള്ള പരിശോധനകൾ തുടരുകയാണ്.