വാഷിംഗ്ടണ്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇറാനിയന്‍ കപ്പലുകളുടെ സഞ്ചാരത്തിന് പൂര്‍ണ ഉപരോധം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിയന്‍ തുറമുഖങ്ങളുമായി ബന്ധപ്പെട്ട് സര്‍വീസ് നടത്തുന്ന കപ്പലുകള്‍ക്കും ഇറാന്റെ ചരക്കുകള്‍ വഹിക്കുന്നവയ്ക്കും ഈ വിലക്ക് ബാധകമായിരിക്കും.
അതേസമയം മറ്റ് രാജ്യങ്ങളുടെ കപ്പല്‍ ഗതാഗതത്തിന് ഹോര്‍മുസ് പാത തടസമില്ലാതെ തുറന്ന് നല്‍കുമെന്നും അദേഹം വ്യക്തമാക്കിയിട്ടുണ്ട്. കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്ന 20 ശതമാനം ടോള്‍ അമേരിക്ക പിന്‍വലിച്ചു. ഇതിന് പകരമായി ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയില്‍ വന്‍ തോതിലുള്ള വ്യാപാര-നിക്ഷേപ കരാറുകള്‍ ഒപ്പുവെക്കുമെന്ന് മിഡില്‍ ഈസ്റ്റ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു.
ഇറാന്റെ ഭരണകൂടം രാജ്യത്തെ പൂര്‍ണ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദേഹം, ഇറാന്‍ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്നും മുന്‍കാല പ്രതിഷേധങ്ങളില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ഇരുണ്ട കാലഘട്ടം അവസാനിച്ചതായും അവകാശപ്പെട്ടു.
ലോകത്തെ ആകെ എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ പുതിയ നീക്കങ്ങള്‍ ആഗോള തലത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമീപകാലത്ത് മേഖലയിലുണ്ടായ സംഘര്‍ഷങ്ങളും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും എണ്ണ വില വര്‍ധിക്കാന്‍ കാരണമായിരുന്നു. ഹോര്‍മുസില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ നേരത്തെ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.