കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താൽകാലികമായി മരവിപ്പിച്ച് ഹൈക്കോടതി

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താൽകാലികമായി മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താൽകാലികമായി മരവിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക ഇടക്കാല ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ബോർഡ് ഭരണപരമായ ഒരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി വഖഫ് വകുപ്പിലെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല കൈമാറാനും കോടതി ഉത്തരവിട്ടു. ഹർജിയിൽ ബുധനാഴ്ച വീണ്ടും വാദം കേൾക്കും.

2025-ലെ വഖഫ് (ഭേദഗതി) നിയമപ്രകാരം ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, 2026-ൽ സർക്കാർ പുനസംഘടിപ്പിച്ച വഖഫ് ബോർഡിലെ ഒമ്പത് അംഗങ്ങളും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണെന്ന് ഷോൺ ജോർജ് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഭേദഗതി നിയമത്തിന്റെ ലംഘനമാണ് ഈ നിയമനങ്ങളെന്നും അതിനാൽ നിലവിലെ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നുമാണ് ഹർജിയിലെ പ്രധാന വാദം.

നേരത്തെ, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്‌ട്‌സ് നൽകിയ മറ്റൊരു ഹർജിയിലും നിലവിലെ ബോർഡിന്റെ രൂപീകരണത്തെക്കുറിച്ച് കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഹർജികളിലെ വാദങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.