കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് യു.കെയില്‍ പുതിയ നിയന്ത്രണങ്ങള്‍

കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് യു.കെയില്‍ പുതിയ നിയന്ത്രണങ്ങള്‍

ലണ്ടന്‍: ബ്രിട്ടനില്‍ 16, 17 വയസുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം സ്വമേധയാ നിയന്ത്രിക്കുന്നതിനുള്ള ഓവര്‍നൈറ്റ് കര്‍ഫ്യൂ സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടുതല്‍ സമയം കുട്ടികളെ സ്‌ക്രീനില്‍ തളച്ചിടുന്ന ഓട്ടോപ്ലേ പോലുള്ള ഫീച്ചറുകള്‍ ഈ സമയത്ത് ഡിഫോള്‍ട്ടായി ഓഫാകുമെങ്കിലും ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ ഈ ക്രമീകരണത്തില്‍ മാറ്റം വരുത്താവുന്നതാണ്.

ഈ ഡിഫോള്‍ട്ട് ക്രമീകരണങ്ങള്‍ കൗമാരക്കാര്‍ മറികടക്കുമെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ഓണ്‍ലൈന്‍ സുരക്ഷാ മന്ത്രി കനിഷ്‌ക നാരായണ്‍ ഇത് തള്ളി. മുന്നോടിയായി നടത്തിയ പരീക്ഷണ പദ്ധതിയില്‍ കൗമാരക്കാരുടെ രാത്രികാല സോഷ്യല്‍ മീഡിയ ഉപയോഗം ഗണ്യമായി കുറഞ്ഞതായും അവരുടെ ഉറക്കവും ഏകാഗ്രതയും മെച്ചപ്പെട്ടതായും അദേഹം വ്യക്തമാക്കി.

പുതിയ നിയന്ത്രണങ്ങള്‍ക്ക് പുറമെ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാമൂഹിക മാധ്യമ ഉപയോഗം പൂര്‍ണമായി വിലക്കുന്നതിനുള്ള പദ്ധതിയും കഴിഞ്ഞ മാസം യു.കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദൈനംദിന ആശയവിനിമയങ്ങളെ ബാധിക്കാതിരിക്കാന്‍ വാട്സാപ്പ്, സിഗ്‌നല്‍ തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകളെ ഈ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരം ശക്തമായ ഡിജിറ്റല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.