യുദ്ധത്തിന്റെ കെടുതികൾക്ക് വിട; 14 വർഷത്തിന് ശേഷം സിറിയയിൽ വീണ്ടും വിശുദ്ധ കുർബാന അർപ്പിച്ച് ക്രൈസ്തവർ

യുദ്ധത്തിന്റെ കെടുതികൾക്ക് വിട; 14 വർഷത്തിന് ശേഷം സിറിയയിൽ വീണ്ടും വിശുദ്ധ കുർബാന അർപ്പിച്ച് ക്രൈസ്തവർ

ദമാസ്ക്കസ്: ആഭ്യന്തര യുദ്ധത്തിന്റെ കടുത്ത ആഘാതങ്ങളിൽ നിന്ന് കരകയറുന്ന മധ്യ സിറിയൻ നഗരമായ ഗസോനിയേയിൽ 14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി വിശുദ്ധ കുർബാന അർപ്പണം നടന്നു. 2011 ൽ സിറിയയിൽ ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഈ പ്രദേശത്ത് ബൈസാന്റൈൻ ആരാധനാക്രമങ്ങൾ പുനരാരംഭിക്കുന്നത്.

2011-ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കടുത്ത അക്രമങ്ങൾക്കും തീവ്രവാദ സംഘടനകളുടെ അധിനിവേശത്തിനും ഇരയായ പ്രദേശങ്ങളിലൊന്നാണ് ഗസോനിയേ. സുരക്ഷാ ഭീഷണിയെത്തുടർന്ന് ഇവിടുത്തെ ഭൂരിഭാഗം ക്രൈസ്തവ കുടുംബങ്ങളും ജന്മനാട് ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു. ഇക്കാലയളവിൽ ആരാധനാലയങ്ങൾ തകർക്കപ്പെടുകയും പതിറ്റാണ്ടുകളായി തുടർന്നുപോന്ന വിശ്വാസപരമായ ഒത്തുചേരലുകൾ പൂർണമായും നിലയ്ക്കുകയും ചെയ്തിരുന്നു.

ഏറെ വികാരനിർഭരമായ അന്തരീക്ഷത്തിലായിരുന്നു നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള ഈ ദിവ്യബലി. യുദ്ധത്തിൽ തകർന്നടിഞ്ഞ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ താൽക്കാലികമായി ഒരുക്കിയ ബലിപീഠത്തിന് ചുറ്റും വിശ്വാസികൾ ഒത്തുകൂടി. ബൈസാന്റൈൻ കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് നടന്ന തിരുക്കർമ്മങ്ങൾ അവിടുത്തെ അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കി. സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളായ സിറിയൻ ക്രൈസ്തവർക്ക് ഈ തിരുക്കർമ്മങ്ങൾ വലിയ പ്രതീക്ഷയാണ് പകരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.