ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന മനുഷ്യക്കടത്ത്, വ്യാജരേഖാ നിര്‍മാണ ശൃംഖലയെ തകര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം, ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര എന്നി അഞ്ച് സംസ്ഥാനങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡുകളിലാണ് അന്താരാഷ്ട്ര ബന്ധങ്ങളുള്ള വന്‍ മാഫിയാ ശൃംഖല വെളിച്ചത്തായത്.
പരിശോധനയില്‍ കണക്കില്‍പ്പെടാത്ത ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും മാഫിയയുടെ സുപ്രധാന ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം പിടിച്ചെടുത്തു. അതിര്‍ത്തി കടന്ന് നിയമവിരുദ്ധമായി ഇന്ത്യയിലെത്തുന്ന ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മിച്ച് നല്‍കുകയാണ് ഈ സംഘം പ്രധാനമായും ചെയ്തിരുന്നത്. ഇത്തരത്തില്‍ വ്യാജ രേഖകളിലൂടെ ഇന്ത്യന്‍ പൗരത്വം സമ്പാദിക്കുന്ന ഇവര്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ താവളമുറപ്പിക്കുകയും, തുടര്‍ന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വരെ കരസ്ഥമാക്കി വിദേശങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നതായി ഇ.ഡി കണ്ടെത്തി. സാധാരണക്കാരായ പൗരന്മാരുടെ വിരലടയാളങ്ങള്‍ തട്ടിയെടുത്ത്, അവരുടെ അറിവോ സമ്മതമോ കൂടാതെ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച അബ്ദുള്‍ അവ്വാല്‍ എന്ന ബാങ്ക് ഏജന്റും ഈ തട്ടിപ്പ് ശൃംഖലയിലെ പ്രധാനിയാണ്.
സണ്‍ ഷൈന്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പോലുള്ള സന്നദ്ധ സംഘടനകളെയും ട്രസ്റ്റുകളെയും മുന്‍നിര്‍ത്തി വിദേശത്തുനിന്ന് എഫ്.സി.ആര്‍.എ വഴി എത്തുന്ന ഫണ്ടുകള്‍ ഈ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി വെളുപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. ബാങ്കിങ് പരിശോധനകളില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും രക്ഷപ്പെടാനായി ഇരുപതിനായിരം രൂപയില്‍ താഴെയുള്ള ചെറിയ തുകകളായാണ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നത്. വ്യാജ ഇന്ത്യന്‍ രേഖകള്‍ ചമച്ച് പശ്ചിമ ബംഗാളില്‍ ഒളിവില്‍ താമസിക്കുകയും അത് ഉപയോഗിച്ച് നിരന്തരം വിദേശയാത്രകള്‍ നടത്തുകയും ചെയ്ത ബംഗ്ലാദേശ് പൗരനായ ആദില്‍-ഉര്‍-റഹ്മാന്‍ അഷ്റഫിയാണ് ഈ സംഘത്തിന്റെ സൂത്രധാരന്മാരില്‍ ഒരാള്‍.
മാഫിയാ സംഘം അതീവ ഗുരുതരമായ മനുഷ്യക്കടത്ത് ശൃംഖലയും ഇതിനൊപ്പം നിയന്ത്രിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി കടത്തിക്കൊണ്ടുവന്ന ഒരു യുവതിക്ക് വ്യാജ ആധാര്‍ കാര്‍ഡ് നല്‍കി മറ്റൊരാള്‍ക്ക് വിറ്റതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഒരു സെമിനാരിയില്‍ നിന്ന് മാത്രം കണക്കില്‍പ്പെടാത്ത 40 ലക്ഷം രൂപയും സ്വര്‍ണ നാണയങ്ങളും ഇ.ഡി കണ്ടുകെട്ടി.
പ്രതികളുടെ മൊഴികളുടെയും ഡിജിറ്റല്‍ രേഖകളുടെയും അടിസ്ഥാനത്തില്‍, ഈ തട്ടിപ്പ് സംഘത്തിന്റെ അന്താരാഷ്ട്ര വേരുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ തീരുമാനം.