ജറുസലേം: തടവുകാര്‍ ജയില്‍ ചാടുന്നത് തടയാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളുമായി ഇസ്രയേല്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അതീവ സുരക്ഷയുള്ള ജയിലുകള്‍ക്ക് ചുറ്റും മുതലകളെ കാവലിനായി വിന്യസിക്കാന്‍ പുതിയ നിയമനിര്‍മ്മാണം നടപ്പാക്കിയിരിക്കുകയാണ് ഭരണകൂടം.
മുതലകളെ വന്യമൃഗങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റി, സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ജീവികളുടെ വിഭാഗത്തിലേക്ക് പരിസ്ഥിതി സംരക്ഷണ മന്ത്രി ഇദിത് സില്‍മാന്‍ പുനക്രമീകരിച്ചതോടെയാണ് ഈ വിചിത്രവും എന്നാല്‍ കര്‍ശനവുമായ നീക്കത്തിന് നിയമപരമായ അനുമതി ലഭിച്ചത്. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ മുന്‍പ് മുന്നോട്ടുവെച്ച ഈ ആശയത്തിന് ആദ്യ ഘട്ടത്തില്‍ ഇസ്രയേല്‍ നേച്ചര്‍ ആന്‍ഡ് പാര്‍ക്‌സ് അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു. എന്നാല്‍ പുതിയ നിയമഭേദഗതി നിലവില്‍ വന്നതോടെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഹമാസ് തടവുകാരെ ഉള്‍പ്പെടെ പാര്‍പ്പിച്ചിരിക്കുന്ന തെക്കന്‍ ഇസ്രയേലിലെ പ്രശസ്തമായ കെറ്റ്‌സിയോട്ട് ജയിലിന് ചുറ്റുമായിരിക്കും മുതലകളെ വിന്യസിക്കുക. ഇസ്രയേല്‍ ജയില്‍ സര്‍വീസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും ഈ മുതലകളെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും. പ്രതിരോധ രംഗത്ത് ശക്തമായ നടപടികളിലേക്ക് നീങ്ങുന്ന ഇസ്രയേലിന്റെ ഈ പുതിയ നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.