വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ്; ചരിത്രപരമായ നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ്; ചരിത്രപരമായ നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേശീയഗാനമായ ജനഗണമനയ്ക്ക് നിലവില്‍ ലഭിക്കുന്ന അതേ നിയമപരിരക്ഷയും ആദരവും ദേശീയ ഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയല്‍ നിയമത്തില്‍ (Prevention of Insults to National Honour Act, 1971) ഭേദഗതി വരുത്തുന്ന ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ നിര്‍ണായക ബില്‍ അവതരിപ്പിക്കുന്നത്. ദേശീയ പതാക, ഇന്ത്യന്‍ ഭരണഘടന, ദേശീയഗാനം എന്നിവയെ മനപൂര്‍വം അവഹേളിക്കുന്നവര്‍ക്ക് നിലവില്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കാന്‍ 1971 ലെ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതിനോ അതിനെ അപമാനിക്കുന്നതിനോ എതിരെ ഇത്തരത്തിലുള്ള കര്‍ശന നിയമവ്യവസ്ഥകള്‍ നിലവിലുണ്ടായിരുന്നില്ല.

പുതിയ ഭേദഗതി ബില്‍ നിയമമാകുന്നതോടെ, വന്ദേമാതരം പാടുന്നത് തടയുന്നതും അത് ആലപിക്കുന്ന ചടങ്ങുകളില്‍ മനപൂര്‍വം തടസങ്ങള്‍ സൃഷ്ടിക്കുന്നതും മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറും. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സുപ്രധാന നീക്കം നടത്തുന്നത്.

ഔദ്യോഗിക സര്‍ക്കാര്‍ ചടങ്ങുകളില്‍ ദേശീയഗാനം ആലപിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂര്‍ണമായി ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇരുസഭകളും ഈ ബില്‍ പാസാക്കുന്നതോടെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഏറ്റവും ഉയര്‍ന്ന ദേശീയ പ്രതീകങ്ങളുടെ തുല്യ പദവിയിലേക്ക് വന്ദേമാതരവും ഉയര്‍ത്തപ്പെടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.