വൈദികർക്കും സുരക്ഷയില്ല; സ്പെയിനിൽ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയ വൈദികന് പ്രവേശനം നിഷേധിച്ച് നിക്കരാഗ്വേ

വൈദികർക്കും സുരക്ഷയില്ല; സ്പെയിനിൽ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയ വൈദികന് പ്രവേശനം നിഷേധിച്ച് നിക്കരാഗ്വേ

നവാര: സ്പെയിനിൽ കാനൻ നിയമത്തിൽ ഉപരിപഠനം പൂർത്തിയാക്കി മാതൃരാജ്യത്തേക്ക് മടങ്ങാനിരുന്ന കത്തോലിക്ക വൈദികന് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച് നിക്കരാഗ്വേയിലെ ഡാനിയേൽ ഒർട്ടേഗയുടെ ഏകാധിപത്യ ഭരണകൂടം. ലിയോൺ രൂപതാംഗമായ ഫാ. ഏലിയാർ അലോൺസോ ബെറിയോസിനാണ് ഭരണകൂടം യാത്രാവിലക്ക് ഏർപ്പെടുത്തിയത്. സ്പെയിനിലെ നവാര സർവകലാശാലയിൽ മൂന്ന് വർഷത്തെ കാനൻ നിയമ പഠനമാണ് അദേഹം പൂർത്തിയാക്കിയിരുന്നത്.

ജൂലൈ 16 വ്യാഴാഴ്ച നിക്കരാഗ്വേയിലേക്ക് മടങ്ങേണ്ടിയിരുന്ന വൈദികന്റെ യാത്രാനുമതി അന്ന് തന്നെ തടഞ്ഞതായി വിമാനക്കമ്പനിയാണ് വിവരം അറിയിച്ചതെന്ന് 'മൊസൈക്കോ സിഎസ്ഐ' പത്രം റിപ്പോർട്ട് ചെയ്യുന്നു. ഭരണകൂടത്തിന് കീഴിൽ രാജ്യത്ത് ആരും സുരക്ഷിതരല്ലെന്നും, മനുഷ്യരോടുള്ള ആദരവോ മൂല്യങ്ങളോ ഇല്ലാത്ത നിലപാടാണ് സർക്കാരിന്റേതെന്നും പ്രവാസജീവിതം നയിക്കുന്ന ഒരു നിക്കരാഗ്വേൻ വൈദികൻ വ്യക്തമാക്കി.

2018 ഏപ്രിലിൽ സാമൂഹ്യ സുരക്ഷാ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെയുണ്ടായ ജനകീയ പ്രതിഷേധങ്ങളെ സർക്കാർ ക്രൂരമായി അടിച്ചമർത്തിയിരുന്നു. അന്നത്തെ പ്രക്ഷോഭങ്ങളിൽ 355 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇതിനെതിരെ കത്തോലിക്ക സഭ ശക്തമായ നിലപാടുമായി രംഗത്തുവന്നതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.

ഇതിന്റെ തുടർച്ചയെന്നോണം രാജ്യത്തെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങൾ സർക്കാർ പിടിച്ചെടുക്കുകയും നിരവധി മെത്രാന്മാരെയും വൈദികരെയും നാടുകടത്തുകയും തടവിലാക്കുകയും ചെയ്തിട്ടുണ്ട്. സഭയ്ക്ക് നേരെ ഭരണകൂടം നടത്തുന്ന കടന്നാക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫാ. ഏലിയാർ അലോൺസോയ്ക്കും രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചതിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.