വാട്സാപ്പില്‍ ഇനി പിഡിഎഫ് എഡിറ്റിങും; ഉപയോക്താക്കള്‍ക്കായി അഡോബിയുടെ വന്‍ അപ്ഡേറ്റ്

വാട്സാപ്പില്‍ ഇനി പിഡിഎഫ് എഡിറ്റിങും; ഉപയോക്താക്കള്‍ക്കായി അഡോബിയുടെ വന്‍ അപ്ഡേറ്റ്

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ പുതിയ ഫീച്ചറുമായി പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനിയായ അഡോബി എത്തിയിരിക്കുന്നു. ഇനി മുതല്‍ വാട്സാപ്പില്‍ ലഭിക്കുന്ന പിഡിഎഫ് ഫയലുകള്‍ ആപ്പില്‍ നിന്ന് പുറത്ത് പോകാതെ തന്നെ വളരെ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം. വാട്സാപ്പ് വെബ്ബിലും വിന്‍ഡോസിലുമാണ് ഈ പുതിയ സേവനം ലഭ്യമാകുക.

ഫയലുകള്‍ തുറന്ന് കാണുന്നതിനൊപ്പം പ്രധാനപ്പെട്ട വിവരങ്ങള്‍ ഹൈലൈറ്റ് ചെയ്യാനും അണ്ടര്‍ലൈന്‍ ചെയ്യാനും സ്‌ട്രൈക്ക് ത്രൂ ചെയ്യാനും ഇതിലൂടെ സാധിക്കും. മുന്‍പ് പിഡിഎഫുകള്‍ വായിക്കണമെങ്കില്‍ ഫയലുകള്‍ പൂര്‍ണമായി ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തില്‍ വാട്സാപ്പിനുള്ളില്‍ തന്നെ ഫയലുകള്‍ സൂം ചെയ്യാനും സ്‌ക്രോള്‍ ചെയ്യാനും സാധിക്കും.

ഇതുകൂടാതെ അക്രോബാറ്റ് ടൂളുകള്‍ ഉപയോഗിച്ച് ചാറ്റിനുള്ളില്‍ വച്ച് തന്നെ ഡോക്യുമെന്റുകളില്‍ വരയ്ക്കാനും കുറിപ്പുകള്‍ നല്‍കാനും കഴിയും.

വിവരങ്ങളുടെ സുരക്ഷയ്ക്കും അഡോബി വലിയ പ്രാധാന്യമാണ് ഈ ഫീച്ചറില്‍ നല്‍കിയിരിക്കുന്നത്. അക്രോബാറ്റ് ട്രസ്റ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിച്ച ഫയലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാം. വാട്സാപ്പിലെ മറ്റ് സന്ദേശങ്ങളെപ്പോലെ തന്നെ ഈ ഡോക്യുമെന്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും.

വിദ്യാര്‍ഥികള്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും ഔദ്യോഗിക കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ഇത് ഏറെ സഹായകരമാകും. കരാറുകള്‍, ഇന്‍വോയ്സുകള്‍, അസൈന്‍മെന്റുകള്‍, യാത്രാ രേഖകള്‍ എന്നിവ വേഗത്തില്‍ പരിശോധിച്ച് തിരുത്തലുകള്‍ വരുത്താന്‍ ഇനി നിമിഷങ്ങള്‍ മാത്രം മതിയാകും. ക്രോം, ചാറ്റ് ജിപിടി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അഡോബി സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാട്സാപ്പിലും ഈ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.