ന്യൂഡല്‍ഹി: പാസ്‌വേഡുകള്‍ മറന്ന് പോകുന്ന സാഹചര്യങ്ങളിലും ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്ത ഘട്ടങ്ങളിലും ഗൂഗിള്‍ അക്കൗണ്ടുകള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഉപയോക്താക്കളുടെ സെല്‍ഫി വീഡിയോ ഉപയോഗിച്ച് വ്യക്തിത്വം സ്ഥിരീകരിക്കുന്ന സംവിധാനമാണിത്.
വ്യാജ ഐഡന്റിറ്റികളെയും എ.ഐ നിര്‍മിത ഡീപ്പ്‌ഫേക്കുകളെയും ഫലപ്രദമായി പ്രതിരോധിച്ചുകൊണ്ട് അക്കൗണ്ട് വീണ്ടെടുക്കല്‍ കൂടുതല്‍ ലളിതവും സുരക്ഷിതവുമാക്കുകയാണ് ഗൂഗിള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സംവിധാനം ഉപയോഗിക്കുന്നതിനായി ഉപയോക്താക്കള്‍ മുന്‍കൂട്ടി തങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്ത് എന്റോള്‍ ചെയ്യേണ്ടതുണ്ട്. ഫോണിലെ ഫേസ് ഐഡി സജ്ജമാക്കുന്നത് പോലെ, സ്‌ക്രീനില്‍ തെളിയുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ക്യാമറയിലേക്ക് നോക്കി തല വിവിധ വശങ്ങളിലേക്ക് ചലിപ്പിച്ചാണ് വീഡിയോ റഫറന്‍സിനായി സേവ് ചെയ്യേണ്ടത്.
പിന്നീട് പാസ്വേഡ് മറന്നോ മറ്റ് കാരണങ്ങളാലോ ലോഗിന്‍ തടസപ്പെടുമ്പോള്‍ ഉപയോക്താവിന് തത്സമയം പുതിയൊരു സെല്‍ഫി വീഡിയോ എടുത്ത് ഐഡന്റിറ്റി സ്ഥിരീകരിക്കാം. ഗൂഗിളിന്റെ സിസ്റ്റം നിലവിലെ വീഡിയോ മുന്‍പ് സേവ് ചെയ്തുവെച്ച വീഡിയോയുമായി താരതമ്യം ചെയ്താണ് അക്കൗണ്ടിലേക്ക് പ്രവേശനം നല്‍കുന്നത്. നിര്‍മിത ബുദ്ധിയുടെ കാലത്ത് വ്യാജ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ പ്രത്യേക മുന്‍കരുതലുകള്‍ ഗൂഗിള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോഗിന്‍ ചെയ്യുന്ന സമയത്ത് ഉപയോക്താവിനോട് തത്സമയം പ്രത്യേക രീതികളില്‍ ചലിക്കാന്‍ ആവശ്യപ്പെടുന്നത് വഴി നല്‍കുന്ന വീഡിയോ തത്സമയ റെക്കോര്‍ഡിങ് ആണെന്ന് ഉറപ്പാക്കാന്‍ സിസ്റ്റത്തിന് സാധിക്കുന്നു. ഇത് മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോകളോ എ.ഐ ചിത്രങ്ങളോ ഉപയോഗിച്ചുള്ള അക്കൗണ്ട് ഹാക്കിങ് ശ്രമങ്ങളെ പൂര്‍ണമായി തടയും. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും ഡാറ്റാ സുരക്ഷയ്ക്കും ഗൂഗിള്‍ പൂര്‍ണ ഉറപ്പ് നല്‍കുന്നുണ്ട്.
വ്യക്തിഗത സമ്മതത്തോടെ മാത്രമാണ് സെല്‍ഫി വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതും. ഇവ അക്കൗണ്ട് വീണ്ടെടുക്കലിന് അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും പൂര്‍ണമായും എന്‍ക്രിപ്റ്റ് ചെയ്താണ് സെര്‍വറുകളില്‍ സൂക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. കൂടാതെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് സെറ്റിങ്‌സില്‍ പ്രവേശിച്ച് എപ്പോള്‍ വേണമെങ്കിലും സേവ് ചെയ്ത വീഡിയോകള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാനും സാധിക്കും.
നിലവിലുള്ള പാസ്‌കീകള്‍, റിക്കവറി കോണ്‍ടാക്റ്റുകള്‍ എന്നിവയ്ക്ക് പകരമായിട്ടല്ല, മറിച്ച് അക്കൗണ്ട് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ഒരു അധിക മാര്‍ഗമായാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. അര്‍ഹരായ ഉപയോക്താക്കള്‍ക്ക് ഗൂഗിളിന്റെ സൈന്‍-ഇന്‍ പേജ് വഴിയോ അക്കൗണ്ട് സെക്യൂരിറ്റി സെറ്റിങ്‌സ് വഴിയോ തങ്ങള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണോ എന്ന് പരിശോധിച്ച് സെറ്റപ്പ് ചെയ്യാം.