പാരിസ്: ഫ്രാൻസിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികൾ മൃഗീയമായി കൊലപ്പെടുത്തിയ ഫ്രഞ്ച് വയോധിക വൈദികൻ ഫാ. ജാക്വസ് ഹാമലിന്റെ രക്തസാക്ഷിത്വത്തിന് ഒരു പതിറ്റാണ്ട് തികയുന്നു. 2016 ജൂലൈ 26-നാണ് നോർമണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൗവ്റെ ദേവാലയത്തിൽ വച്ച് എൺപത്തിയഞ്ചുകാരനായ ഫാ. ജാക്വസ് ഹാമലിനെ ആദേൽ ഖെർമിച്ചെ, അബ്ദേൽ മാലിക് പെറ്റിറ്റ്ജീൻ എന്നീ യുവാക്കൾ ചേർന്ന് കഴുത്തറത്തു കൊലപ്പെടുത്തിയത്.
തന്റെ ആറു പതിറ്റാണ്ട് നീളുന്ന പൗരോഹിത്യ ജീവിതത്തിൽ ഇസ്ലാം മതവിശ്വാസികളുമായി വളരെയേറെ സഹകരിച്ച് പ്രവർത്തിച്ച വ്യക്തിയായിരുന്നു ഫാ. ഹാമൽ. 2005 ൽ വിശ്രമജീവിതത്തിലാകുന്നത് വരെ വിവിധ പ്രേഷിതമേഖലകളിൽ അദേഹം സജീവ സാന്നിധ്യമായിരുന്നു.
ഈ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്. കൊലയാളികൾക്ക് സിറിയ ആസ്ഥാനമായുള്ള മുതിർന്ന ഐസിസ് പ്രവർത്തകനുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഫ്രഞ്ച് ഇന്റലിജൻസ് ഏജൻസിയായ ഡി.ജി.എസ്.ഐ വിവരങ്ങളെ ഉദ്ധരിച്ച് 'ലാ വീ' വാരിക റിപ്പോർട്ട് ചെയ്തിരുന്നു.
സാധാരണയായി നാമകരണ നടപടികൾ തുടങ്ങുവാൻ മരണ ശേഷം അഞ്ച് വർഷം കഴിയണമെന്ന വ്യവസ്ഥ ഫാ. ഹാമലിന്റെ കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പ ഇളവ് ചെയ്തിരുന്നു. റോമിന്റെ രക്തസാക്ഷിപ്പട്ടികയിൽ ഇടംപിടിച്ച അദേഹത്തെ വത്തിക്കാനിൽ അർപ്പിച്ച വിശുദ്ധ ബലിക്ക് ശേഷം ഫ്രാൻസിസ് പാപ്പ വാഴ്ത്തപ്പെട്ട ഫാ. ജാക്വസ് ഹാമൽ എന്നാണ് സംബോധന ചെയ്തത്.
ദൈവത്തിന്റെ നാമത്തിൽ കൊല്ലുന്നത് പൈശാചികമാണ് എന്നും പാപ്പ വ്യക്തമാക്കിയിരുന്നു. അതേസമയം ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മാക്രോൺ ഭരണകൂടം മുന്നോട്ടുപോവുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.