ഉത്തർപ്രദേശിൽ മലയാളി കന്യാസ്ത്രീയെ കാണാതായി; അന്വേഷണം ഊർജിതം

ഉത്തർപ്രദേശിൽ മലയാളി കന്യാസ്ത്രീയെ കാണാതായി; അന്വേഷണം ഊർജിതം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബിജനൂർ ജില്ലയിലുള്ള ദാമ്പൂരിൽ നിന്ന് മലയാളി കന്യാസ്ത്രീയെ കാണാതായി. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് ലൂയിസ് സഭാംഗമായ സിസ്റ്റർ സജിതയെയാണ് ജൂലൈ 22 മുതൽ കാണാതായത്. സഭയുടെ ദാമ്പൂർ ശാഖയിൽ സുപ്പീരിയറായി സേവനം ചെയ്തുവരികയായിരുന്നു ഇവർ.

ജൂലൈ 22 ന് പുലർച്ചെ 5.20 ഓടെ ഒരു ചെറിയ പോളിത്തീൻ ബാഗുമായി കോൺവെന്റിന്റെ ഗേറ്റ് കടന്നു പോകുന്ന സിസ്റ്റർ സജിതയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണ സമയത്താണ് സിസ്റ്ററിനെ കാണാനില്ലെന്ന വിവരം മറ്റുള്ളവരുടെ ശ്രദ്ധയിൽപെടുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ മൊബൈൽ ഫോൺ കോൺവെന്റ് മുറിയിൽ തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ യാതൊരുവിധ അസ്വാഭാവിക സംഭവങ്ങളും നടന്നിട്ടില്ലെന്ന് സഭ അധികൃതർ വ്യക്തമാക്കി. സാധാരണയായി മറ്റ് സ്റ്റാഫുകളിൽ നിന്നും വ്യത്യസ്തമായ സമയക്രമമാണ് സിസ്റ്റർ പിന്തുടർന്നിരുന്നത് എന്നതിനാൽ രാവിലെ ഇവരുടെ അഭാവം പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല.

വിവരമറിഞ്ഞ ഉടൻ തന്നെ സഭ അധികൃതർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസര പ്രദേശങ്ങളിലെയും സമീപ റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരുന്നുണ്ട്.

പ്രാഥമിക പരിശോധനയിൽ സിസ്റ്റർ ഒരു ബസിൽ കയറാൻ ശ്രമിച്ചതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസിനൊപ്പം സഭയുടെ അഡ്മിനിസ്ട്രേഷൻ ടീമും സഹോദരിമാരും തിരച്ചിലിൽ സജീവമായി രംഗത്തുണ്ട്. സിസ്റ്റർ സുരക്ഷിതയായി എത്രയും വേഗം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സന്യാസി സമൂഹവും ബന്ധുക്കളും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.