ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട ശക്തമായ സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. സമരത്തിന് നേതൃത്വം നൽകിയ യുവാക്കൾക്കും അവരെ പിന്തുണച്ച പൊതുജനങ്ങൾക്കും അദേഹം അഭിവാദ്യമർപ്പിച്ചു.
"ഇത് ജനാധിപത്യത്തിന്റെ വിജയം. പ്രത്യക്ഷ ജനാധിപത്യം... തെരുവില്‍ നിന്ന് നേരിട്ട്. സമാധാനത്തിന്റെ, സഹനത്തിന്റെ, സ്ഥിരോത്സാഹത്തിന്റെ വിജയം. സിജെപിക്ക്, രാജ്യത്തെ ജെൻ സിക്ക്, ഭയത്തെയും ഭയത്തിനുമേല്‍ ഭയത്തെയും ഊരിയെറിഞ്ഞ് രാജ്യത്തിന്റെ എല്ലാ കോണില്‍ നിന്നും ഉയര്‍ന്നുവന്ന ജനതയ്ക്ക് അഭിനന്ദനങ്ങൾ. ഉത്തരവാദിത്തത്തില്‍നിന്ന്, ഇനി പരിഷ്കാരങ്ങളിലേക്ക്..."- സോനം വാങ്ചുക് കുറിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണങ്ങള്‍ വേണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജൂണ്‍ 28 മുതല്‍ സോനം വാങ്ചുക്ക് നിരാഹാര സമരത്തിലായിരുന്നു. നീറ്റ് പരീക്ഷാ വിവാദങ്ങളെയും ചോദ്യപേപ്പർ ചോർച്ചയെയും തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി സംഘടനകളുടെയും പ്രതിപക്ഷത്തിന്‍റെയും പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത്.