ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി പ്രതിഷേധം വന്‍ വിജയമായതിന് പിന്നാലെ, സംഘടനയുടെ രൂപവല്‍ക്കരണത്തിന് വഴിതെളിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വി. സൂര്യകാന്തിന് നന്ദി അറിയിച്ച് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ. തങ്ങളെ പാറ്റകള്‍ എന്ന് വിശേഷിപ്പിച്ചതിനാണ് ചീഫ് ജസ്റ്റിസിനോട് കടപ്പാട് അറിയിക്കുന്നതെന്ന് അഭിജിത് ദീപ്കെ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് അങ്ങനെ ഒരു നിരീക്ഷണം നടത്തിയിരുന്നില്ലെങ്കില്‍ താന്‍ ഇന്ത്യയിലേക്ക് മടങ്ങിവരികയോ ഇത്തരമൊരു ജനകീയ പ്രസ്ഥാനം ആരംഭിക്കുകയോ ചെയ്യുമായിരുന്നില്ലെന്ന് അദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ജന്തര്‍ മന്തറില്‍ കൂടിയ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ദീപ്കെ. കേവലം രണ്ട് മാസം മാത്രം പ്രായമുള്ള ഓണ്‍ലൈന്‍ ആക്ഷേപഹാസ്യ കൂട്ടായ്മയാണ് കേന്ദ്ര സര്‍ക്കാരിനെ സമാനതകളില്ലാത്ത വിധം പിടിച്ചുകുലുക്കുന്ന വലിയ മുന്നേറ്റമായി മാറിയത്. തൊഴിലില്ലാത്ത ചില യുവാക്കള്‍ മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളുമായി ചമഞ്ഞ് സമൂഹത്തെ ആക്രമിക്കുകയാണെന്നും ഇവര്‍ ക്രോച്ചുകളും പരാന്നഭോജികളുമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് മുന്‍പ് നടത്തിയ പരാമര്‍ശം.
ഈ പരാമര്‍ശത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മെയ് 23 നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേരില്‍ ഓണ്‍ലൈന്‍ കൂട്ടായ്മ രൂപവല്‍ക്കരിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ശക്തമായ ജനവികാരം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെത്തന്നെ സ്വാധീനിക്കുന്ന തലത്തിലേക്ക് വളരുകയായിരുന്നു.