ഓസ്ട്രേലിയയില്‍ സിഗ്‌നല്‍ തെറ്റിച്ച് വന്ന കാറിടിച്ച് മലയാളി നഴ്‌സിന് ദാരുണാന്ത്യം; ഭര്‍ത്താവിന് ഗുരുതര പരുക്ക്

ഓസ്ട്രേലിയയില്‍ സിഗ്‌നല്‍ തെറ്റിച്ച് വന്ന കാറിടിച്ച് മലയാളി നഴ്‌സിന് ദാരുണാന്ത്യം; ഭര്‍ത്താവിന് ഗുരുതര പരുക്ക്

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സിന് ദാരുണാന്ത്യം. അങ്കമാലി ചമ്പാനൂര്‍ കാച്ചപ്പിള്ളി കുടുംബാംഗമായ ആന്‍ മേരി ജോയി (30) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവ് ശരത്ത് ജോസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പെര്‍ത്തിലെ ഓറഞ്ച് ഗ്രൂപ്പിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു ദുരന്തം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് എതിര്‍ദിശയില്‍ നിന്ന് ട്രാഫിക് സിഗ്നല്‍ തെറ്റിച്ച് അമിത വേഗതയില്‍ വന്ന മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ആന്‍ മേരി ഇരുന്നിരുന്ന ഭാഗത്തേക്കാണ് കാര്‍ ശക്തിയായി ഇടിച്ചുകയറിയത്.

പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ റോയല്‍ പെര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആന്‍ മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. എന്‍ജിനീയറായ ഭര്‍ത്താവ് ശരത്തിനൊപ്പം വര്‍ഷങ്ങളായി പെര്‍ത്തില്‍ സ്ഥിര താമസക്കാരിയായിരുന്നു ആന്‍ മേരി. അപകട സമയത്ത് രണ്ടര വയസുകാരി മകള്‍ ഹോളി ആന്‍ ശരതും ശരത്തിന്റെ മാതാപിതാക്കളും പെര്‍ത്തിലെ വീട്ടില്‍ ആയിരുന്നു.

സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തിലെ യങ് കപ്പിള്‍സ് മിനിസ്ട്രിയിലെ സജീവ അംഗങ്ങളായിരുന്നു ഇരുവരും. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലും തീരാദുഖത്തിലുമാണ് പെര്‍ത്തിലെ മലയാളി സമൂഹം.

പൊലീസും പ്രാദേശിക ഭരണകൂടവും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങള്‍ അറിയിക്കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.