ന്യൂഡല്‍ഹി: പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷനുള്ള വീടുകളില്‍ നിന്ന് എല്‍.പി.ജി കണക്ഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കി. ഒരു വീട്ടില്‍ ഒരേ സമയം എല്‍.പി.ജി സിലിണ്ടറും പൈപ്പ് ഗ്യാസും കൈവശം വെക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള അറിയിപ്പുകള്‍ പാചകവാതക വിതരണ ഏജന്‍സികള്‍ ഉപയോക്താക്കള്‍ക്ക് അയച്ച് തുടങ്ങി.
നിശ്ചിത സമയപരിധിക്കുള്ളില്‍ എല്‍.പി.ജി കണക്ഷന്‍ ഒഴിവാക്കിയില്ലെങ്കില്‍ അവ സ്വമേധയാ റദ്ദാക്കപ്പെടുമെന്നാണ് ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഓരോ പ്രദേശത്തെയും ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത സമയപരിധിയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. അതേസമയം നിലവിലുള്ള പൈപ്പ് ലൈന്‍ സര്‍വീസ് ഒഴിവാക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് ലഭിക്കില്ല. ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് സംസ്ഥാനത്ത് പ്രധാനമായും പൈപ്പ് വഴിയുള്ള പ്രകൃതിവാതകം വിതരണം ചെയ്യുന്നത്.
മുന്‍പ് പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ധന വിപണിയിലുണ്ടായ ആഘാതങ്ങള്‍ കണക്കിലെടുത്താണ് എല്‍.പി.ജി ഗുണഭോക്താക്കള്‍ പി.എന്‍.ജിയിലേക്ക് മാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേന്ദ്രത്തിന്റെ പുതിയ തീരുമാനം എല്‍.പി.ജി സബ്സിഡി ലഭിക്കുന്ന പ്രധാന്മന്ത്രി ഉജ്ജ്വല യോജന ഉപയോക്താക്കള്‍ക്കിടയിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവില്‍ പുതിയ എല്‍.പി.ജി കണക്ഷനുകള്‍ നല്‍കുന്നതിലും അധിക സിലിണ്ടറുകള്‍ അനുവദിക്കുന്നതിലും കമ്പനികള്‍ നിയന്ത്രണം തുടരുകയാണ്. ഇത് പുതിയ വീടുകളിലേക്ക് താമസം മാറ്റുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
നിലവില്‍ ഗ്രാമീണ മേഖലകളില്‍ 45 ദിവസത്തിന് ശേഷവും നഗര മേഖലകളില്‍ 25 ദിവസത്തിന് ശേഷവും മാത്രമേ അടുത്ത സിലിണ്ടറിനായി അപേക്ഷിക്കാന്‍ സാധിക്കുന്നുള്ളൂ. ഇതിന് പുറമെ എല്‍.പി.ജി ഉപയോക്താക്കള്‍ ബയോമെട്രിക് മസ്റ്ററിങ് നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നും വിതരണക്കാര്‍ അറിയിക്കുന്നുണ്ട്. സമയബന്ധിതമായി മസ്റ്ററിങ് നടത്തിയില്ലെങ്കില്‍ ഗ്യാസ് വിതരണം തടസപ്പെടുമെന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് രേഖാമൂലമുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു.