ഇസ്ലമബാദ്: പാക് അധീന കാശ്മീര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിനിടെ മേഖലയില്‍ വ്യാപക സംഘര്‍ഷവും വെടിവെപ്പും. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ജനകീയ പ്രതിഷേധം നയിച്ചവര്‍ക്ക് നേരെ പാക് സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും അന്‍പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. റാവല്‍ക്കോട്ട് ഡിവിഷനിലെ ഡ്രെയ്ക് എട്ടാം മേഖലയിലാണ് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടന്നത്.
പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ (ജെ.എ.എ.സി.) 14 പ്രവര്‍ത്തകര്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചതായി സംഘടനാ വക്താക്കള്‍ സ്ഥിരീകരിച്ചു. സംഘടനയുടെ സ്ഥാപകാംഗവും പ്രമുഖ നേതാവുമായ ഉമര്‍ നസീര്‍ കശ്മീരിയുടെ സഹോദരന്‍ ഉസ്മാന്‍ നസീറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രക്ഷോഭകാരികളാണ് പൊലീസിന് നേരെ ആദ്യം വെടിയുതിര്‍ത്തതെന്നാണ് പാക് സൈന്യത്തിന്റെ വാദം.
മേഖലയില്‍ ക്രമസമാധാനം ഉറപ്പാക്കാനെന്ന പേരില്‍ സ്‌നൈപ്പര്‍മാര്‍ ഉള്‍പ്പെടെ പതിനാലായിരത്തോളം സുരക്ഷാസേനാംഗങ്ങളെയാണ് പാക് ഫെഡറല്‍ സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മുസാഫറാബാദിലേക്ക് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കൂറ്റന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. ജമ്മു കാശ്മീരില്‍ നിന്ന് കുടിയേറി പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കിയവര്‍ക്കായി പി.ഒ.കെ നിയമസഭയില്‍ നീക്കിവെച്ചിട്ടുള്ള 12 സംവരണ സീറ്റുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ ഒന്‍പത് മുതല്‍ ജെ.എ.എ.സിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടന്നുവരികയാണ്.
തങ്ങള്‍ക്ക് വഴങ്ങുന്ന ഭരണാധികാരിയെ മേഖലയില്‍ പ്രതിഷ്ഠിക്കാനുള്ള പാക്കിസ്ഥാന്റെ രാഷ്ട്രീയ നീക്കമാണ് ഈ സംവരണത്തിന് പിന്നിലെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ജൂണ്‍ മാസത്തിന് ശേഷം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ 80 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കെങ്കിലും 400 ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രക്ഷോഭകരുടെ അവകാശ വാദം.
പ്രതിഷേധങ്ങള്‍ ശക്തമായി നിലനില്‍ക്കെ തന്നെ മിര്‍പുര്‍ ഡിവിഷനിലെ 13 മണ്ഡലങ്ങളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ പാകിസ്ഥാനിലെ ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) ഒന്‍പത് സീറ്റുകളില്‍ വിജയിച്ചു. സഖ്യകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) മൂന്ന് സീറ്റുകള്‍ നേടി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകളും കൃത്രിമത്വവും നടന്നതായി പ്രതിപക്ഷ പാര്‍ട്ടികളും പ്രാദേശിക സംഘടനകളും കുറ്റപ്പെടുത്തി.
ആകെ 53 അംഗങ്ങളുള്ള പ്രാദേശിക നിയമസഭയിലെ 45 സീറ്റുകളിലേക്കായി മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ അവസാന ഘട്ട വോട്ടെടുപ്പ് ഓഗസ്റ്റ് 10 ന് നടക്കും. ബാക്കി എട്ട് സീറ്റുകള്‍ സ്ത്രീകള്‍, സാങ്കേതിക വിദഗ്ധര്‍, മതപണ്ഡിതര്‍ എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. വോട്ടെടുപ്പ് ഫലം അനുകൂലമായാല്‍ പി.ഒ.കെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് മുന്‍ പാക് പ്രധാനമന്ത്രിയും പി.എം.എല്‍-എന്‍ അധ്യക്ഷനുമായ നവാസ് ഷെരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രക്ഷോഭ സംഘടനകളെ നിരോധിച്ച് അടിച്ചമര്‍ത്തല്‍ ശക്തിപ്പെടുത്താനാണ് പാക് സര്‍ക്കാരിന്റെ നീക്കമെന്നതിനാല്‍ മേഖലയില്‍ വരും ദിവസങ്ങളിലും സംഘര്‍ഷാവസ്ഥ തുടരാനാണ് സാധ്യത.