കോട്ടയം: സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2 തസ്തികയിലേക്കുള്ള നിയമന നടപടികള്‍ അനന്തമായി നീളുന്നത് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഒച്ചിന്റെ വേഗതയെപ്പോലും നാണം കെടുത്തുന്ന രീതിയിലാണ് പി.എസ്.സി ഇന്റര്‍വ്യൂ നടപടികള്‍ പുരോഗമിക്കുന്നത്. മെഡിക്കല്‍ കോളജുകളില്‍ പ്രതിദിനം ആയിരക്കണക്കിന് രോഗികള്‍ എത്തുമ്പോഴും നൂറുകണക്കിന് സ്ഥിരം തസ്തികകളാണ് ഒഴിവായി കിടക്കുന്നത്.
2025 ജൂലൈ 18 നാണ് പി.എസ്.സി സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2 തസ്തികയ്ക്കായി പരീക്ഷ നടത്തിയത്. തുടര്‍ന്ന് അതേവര്‍ഷം നവംബര്‍ 11 ന് മെയിന്‍ ലിസ്റ്റില്‍ 1805 പേരും, സപ്ലിമെന്ററി ലിസ്റ്റില്‍ 1840 പേരും ഭിന്നശേഷി വിഭാഗത്തില്‍ 12 പേരും ഉള്‍പ്പെടെ ആകെ 3657 ഉദ്യോഗാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2026 ഫെബ്രുവരി നാല് മുതല്‍ ഇന്റര്‍വ്യൂ നടപടികള്‍ ആരംഭിച്ചെങ്കിലും ആറ് മാസം പിന്നിടുമ്പോഴും 1262 ഓളം ഉദ്യോഗാര്‍ഥികളുടെ അഭിമുഖം പൂര്‍ത്തിയാക്കാന്‍ പി.എസ്.സിക്ക് സാധിച്ചിട്ടില്ല.
ഓഗസ്റ്റ് മാസത്തില്‍ വെറും 45 പേരെ മാത്രമാണ് അഭിമുഖത്തിനായി വിളിച്ചിരിക്കുന്നത് എന്നതും പ്രക്രിയയുടെ വേഗതയില്ലായ്മ ചൂണ്ടിക്കാണിക്കുന്നു. മുമ്പ് ജില്ലാടിസ്ഥാനത്തില്‍ അഭിമുഖങ്ങള്‍ നടത്തിയിരുന്നെങ്കില്‍, ഇത്തവണ തിരുവനന്തപുരത്തുള്ള പി.എസ്.സി ആസ്ഥാന ഓഫീസില്‍ മാത്രമായി ഇന്റര്‍വ്യൂ കേന്ദ്രീകരിച്ചതാണ് കാലതാമസത്തിന് പ്രധാന കാരണം. നിലവിലെ വേഗതയില്‍ ഇന്റര്‍വ്യൂ പുരോഗമിക്കുകയാണെങ്കില്‍ ഈ വര്‍ഷം അവസാനിച്ചാലും നടപടികള്‍ പൂര്‍ത്തിയാകില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
പഴയ റാങ്ക് ലിസ്റ്റിന്റെ കാലാവധി ജനുവരി 31 ഓടെ അവസാനിച്ചതിനാല്‍ നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും എച്ച്.എം.സി വഴിയുമാണ് താല്‍കാലിക നിയമനങ്ങള്‍ നടക്കുന്നത്. ആരോഗ്യമന്ത്രി നേരിട്ടെത്തി ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പ്രഖ്യാപനങ്ങള്‍ പ്രവൃത്തി പഥത്തില്‍ എത്തിയിട്ടില്ല. മെഡിക്കല്‍ കോളജുകളില്‍ പുതിയ ചികിത്സാ വിഭാഗങ്ങള്‍ ആരംഭിക്കുകയും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്തിട്ടും ആവശ്യത്തിന് സ്ഥിരം ജീവനക്കാരില്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നു.
സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി താല്‍കാലിക ജീവനക്കാരെ പലയിടത്ത് നിന്നും ഒഴിവാക്കിയത് നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിപ്പിക്കുകയും രോഗീ പരിചരണത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.