ഇടുക്കി/കോട്ടയം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ മലയോര മേഖലകളില്‍ പരക്കെ നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തുമായി വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. ദുരന്ത സാഹചര്യം കണക്കിലെടുത്ത് കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍ എന്നി എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഇടുക്കിയിലെ കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ ഏഴാം വാര്‍ഡില്‍ മഷിക്കല്ലേല്‍ സുമതി മരണപ്പെട്ടു. ഇവിടെ പൂര്‍ണമായി മണ്ണിനടിയിലായ വീടില്‍ നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി. വാഗമണ്‍ കോലാഹലമേട്ടില്‍ ലീലാമണിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് കുടുങ്ങിയ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ (72) ആണ് മരിച്ച രണ്ടാമത്തെയാള്‍. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ ഉരുള്‍പൊട്ടി വീട് ഇടിഞ്ഞുവീണ സംഭവത്തിലാണ് മൂന്നാമത്തെ മൃതദേഹം കണ്ടെത്തിയത്.
അപകടങ്ങളും യാത്രാ തടസങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉപ്പുതറയില്‍ പൊലീസുകാര്‍ വാഹനം നിര്‍ത്തി ഇറങ്ങിയ ഉടന്‍ തന്നെ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണെങ്കിലും വന്‍ അപകടം ഒഴിവായി. ഇടുക്കി ഏലപ്പാറ ചെമ്മണ്ണിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഈരാറ്റുപേട്ട വാഗമണ്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുകയും കെ.കെ റോഡില്‍ വെള്ളം കയറുകയും ചെയ്തു.
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും മഴ ശക്തമാണ്. മൂന്നിലവില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പാലാ ഡിപ്പോ ഡ്രൈവര്‍ രാജേഷിന്റെ വീട് പൂര്‍ണമായി ഒലിച്ചുപോയി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധ സ്ഥലങ്ങളിലുണ്ടായ ഭീഷണിയെ തുടര്‍ന്ന് ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. കൂട്ടിക്കല്‍ കൊടുങ്ങയിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. കൂട്ടിക്കല്‍, ഈരാറ്റുപേട്ട ടൗണുകളിലും മുണ്ടക്കയം കോസ്വേയിലും വെള്ളം കയറിയ നിലയിലാണ്.
അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.