കൊഗി: നൈജീരിയയില്‍ ക്രൈസ്തവ സമൂഹത്തിന് മേലുള്ള അതിക്രമങ്ങള്‍ തുടരുന്നു. കൊഗി സംസ്ഥാനത്ത് ഇടവക ശുശ്രൂഷ ചെയ്തുവരികയായിരുന്ന കത്തോലിക്ക വൈദികനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊഗിയിലെ സെന്റ് പോള്‍സ് ഇടവകയിലെ വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ഫാ. സാമുവേല്‍ ഒപെയെമിയാണ് ജൂലൈ 29-ന് അജോകുട്ടയില്‍ കൊല്ലപ്പെട്ടത്.
സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് റോഡരികില്‍ തലയില്‍ വെട്ടേറ്റ മുറിവുകളോടെ കിടക്കുന്ന നിലയില്‍ വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.
ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് വക്താവ് വില്യം ഓവി അയ വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് വീണ്ടും സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഈ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. വൈദികന്റെ കൊലപാതകത്തെ കൊഗി സംസ്ഥാന സര്‍ക്കാര്‍ ശക്തമായി അപലപിച്ചു.
ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ പേരില്‍ ലോകശ്രദ്ധ നേടിയ രാജ്യമാണ് നൈജീരിയ. വിശ്വാസികളുടെയും വൈദികരുടെയും സുരക്ഷ അതീവ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നൈജീരിയയില്‍ ഇരുനൂറിലധികം കത്തോലിക്ക വൈദികരാണ് സായുധ സംഘങ്ങളുടെ തടങ്കലിലായത്. പൊന്തിഫിക്കൽ സംഘടനയായ 'എയിഡ് ടു ദി ചർച്ച് ഇൻ നീഡ്' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഒരു പതിറ്റാണ്ടിനിടെ നിരവധി വൈദികരും സമര്‍പ്പിതരും ഉള്‍പ്പെടെ ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളാണ് നൈജീരിയയില്‍ ക്രൂരമായി കൊല്ലപ്പെട്ടത്.
വിശ്വാസത്തിന്റെ പേരില്‍ കടുത്ത പീഡനങ്ങളും അക്രമങ്ങളും നേരിടുന്ന നൈജീരിയന്‍ ക്രൈസ്തവ സമൂഹത്തിനും ഫാ. സാമുവേല്‍ ഒപെയെമിയുടെ ആത്മാവിനുമായി നമുക്ക് പ്രത്യേകമായി പ്രാര്‍ത്ഥിക്കാം.