വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെ കണ്ടുമുട്ടുമ്പോഴാണ് മനുഷ്യരാശിയുടെ വിശപ്പിന് യഥാർത്ഥ സംതൃപ്തി ലഭിക്കുന്നതെന്ന് ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച മധ്യാഹ്ന പ്രാർഥനയ്ക്ക് ഒരുക്കമായി വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ.
മത്തായിയുടെ സുവിശേഷത്തിൽ, യേശു അപ്പവും മീനും വർധിപ്പിച്ചു നൽകിയ അത്ഭുതമാണ് പാപ്പാ ഈയാഴ്ച വിചിന്തന വിഷയമാക്കിയത്. യേശുവിന് ജനക്കൂട്ടത്തോട് അനുകമ്പ തോന്നുകയും അയ്യായിരത്തിലധികം ആളുകൾക്ക് അപ്പവും മീനും വർധിപ്പിച്ച് നൽകുകയും ചെയ്ത സംഭവമാണ് വിശുദ്ധ മത്തായി സുവിശേഷത്തിൽ വിവരിച്ചിരിക്കുന്നത്.
യേശു പ്രവർത്തിച്ച അടയാളങ്ങൾ, അവിടത്തേക്ക് നമ്മോടുള്ള പ്രത്യേകമായ സ്നേഹവും ലോകത്തിലേക്ക് അവിടന്ന് കൊണ്ടുവന്ന രക്ഷയും വെളിപ്പെടുത്തുന്നതാണെന്ന് പാപ്പാ അനുസ്മരിച്ചു. അത്ഭുതങ്ങൾ എന്നതിലുപരി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കാനാണ് അവിടന്ന് അന്ധർക്ക് കാഴ്ചയും ബധിരർക്ക് കേൾവിയും നൽകിയതുമടക്കമുള്ള അടയാളങ്ങൾ പ്രവർത്തിച്ചതെന്ന് പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു.
കർത്താവിനെ കണ്ടുമുട്ടുന്നത് 'പരിപോഷിപ്പിക്കുന്ന' അനുഭവം
വിശക്കുന്നവർക്ക് അപ്പം മാത്രമല്ല, യേശുവിനെ കണ്ടുമുട്ടുന്നവർക്ക് പരിപോഷിപ്പിക്കുന്ന അനുഭവവും ഉണ്ടാകുന്നു എന്നാണ് അപ്പം വർധിപ്പിച്ച സംഭവം നമ്മെ പഠിപ്പിക്കുന്നത്. ക്രിസ്തുവിനോടുകൂടെ നമ്മുടെ ആവശ്യങ്ങളെല്ലാം സമൃദ്ധിയിൽ നിറവേറ്റപ്പെടുന്നു എന്ന് കാണിക്കാനാണ്അ വരെല്ലാവരും ഭക്ഷിച്ചു തൃപ്തരായതിനുശേഷവും ബാക്കിവന്ന കഷണങ്ങൾ പന്ത്രണ്ടു കുട്ടകൾ നിറയെ ശേഖരിച്ചതായി സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കർത്താവിന് നമ്മോടുള്ള കരുതലും അവിടത്തെ പരിപാലനവും ഒരിക്കലും പരാജയപ്പെടുകയില്ലെന്നും സത്യത്തിനും ജീവനും വേണ്ടിയുള്ള മനുഷ്യരാശിയുടെ വിശപ്പിന് യഥാർത്ഥത്തിൽ സംതൃപ്തി നൽകുന്നത് ക്രിസ്തുവാണെന്നും ലിയോ പാപ്പാ എടുത്തുപറഞ്ഞു.
അത്യാഗ്രഹമെന്ന 'ആത്മീയരോഗം'
പൂഴ്ത്തിവയ്ക്കലിലും പാഴാക്കലിലും പലപ്പോഴും പ്രകടമാകുന്ന അത്യാഗ്രഹത്തിന്റെ തിന്മയ്ക്കെതിരെ മാർപാപ്പ മുന്നറിയിപ്പു നൽകി. ആത്മീയമായ ഈ 'രോഗം' സമ്പത്തിന്റെ ലഹരിയിൽ മയങ്ങിപ്പോയ ഇന്ദ്രിയങ്ങളെ മരവിപ്പിച്ചുകളയുകയും വിശപ്പും ദാഹവും കൊണ്ട് കേഴുന്നവരെ മറക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ വ്യസനത്തോടെ പറഞ്ഞു.
യുദ്ധവും അഹങ്കാരവും സൃഷ്ടിക്കുന്ന മരുഭൂമികളെ അഭിമുഖീകരിക്കുമ്പോൾ, കർത്താവ് എത്രമാത്രം കരുണയോടെയാണ് സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി, വാഴ്ത്തി, വിഭജിച്ച്, ജനക്കൂട്ടത്തിന് വിതരണം ചെയ്യാനായി ശിഷ്യന്മാരുടെ കരങ്ങളിൽ അപ്പം നൽകിയതെന്ന് ചിന്തിക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു.
ദിവ്യകാരുണ്യത്തിന്റെ കൃപയാൽ പരസ്നേഹത്തിൽ വളരാം
പരസ്നേഹത്തിൽ അധിഷ്ഠിതമായ ഈ അത്ഭുതം നമ്മെ കൊണ്ടെത്തിക്കുന്നത്, യേശുവിൻ്റെ സവിശേഷമായ പ്രവൃത്തികളുടെ പാരമ്യവും സ്വജീവൻ സഹോദരങ്ങൾക്കായി പങ്കുവച്ചു നൽകിയതുമായ അന്ത്യ അത്താഴത്തിലാണെന്ന് പാപ്പാ പറഞ്ഞു.
അതിനാൽ, ദിവ്യകാരുണ്യത്തിൽ നിന്ന് നാം ഉൾക്കൊള്ളുന്ന കൃപയാൽ നിറഞ്ഞ് അനുദിന ജീവിതവ്യാപാരങ്ങളിൽ ദിവ്യകാരുണ്യത്തിന്റെ സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കണമെന്ന് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പമുള്ള ഭക്ഷണവേളകളിലെ കൃതജ്ഞത പ്രകാശനത്തോടെയാകട്ടെ അതിൻ്റെ തുടക്കമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
യേശുവുമായുള്ള സഹവാസത്തിലൂടെ, അവധിക്കാലങ്ങൾ പോലും ആവശ്യക്കാർക്കുനേരെ കരം നീട്ടുന്ന സാഹോദര്യത്തിന്റെ പ്രശാന്തമായ അവസരങ്ങളായി മാറുമെന്ന് ലിയോ പാപ്പാ അഭിപ്രായപ്പെട്ടു. അവസാനമായി, അന്നന്നത്തെ അപ്പത്തിന് ആർക്കും ഒരു കുറവും വരാതിരിക്കാൻ തക്കവിധം പരസ്നേഹത്തിൽ വളരാൻ ഞങ്ങളെ സഹായിക്കണമേ എന്ന് സ്നേഹനിധിയായ അമ്മയായ പരിശുദ്ധ കന്യാമറിയത്തോട് അപേക്ഷിച്ചുകൊണ്ട് മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.