അബൂജ: തെക്കുകിഴക്കൻ നൈജീരിയയിലെ എനുഗു സംസ്ഥാനത്ത് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ സായുധ സംഘത്തിന്റെ ആക്രമണമുണ്ടായി. ഉഡി ജില്ലയിലെ അഫ, ഇനോയിയിലുള്ള സെന്റ് ജോസഫ്സ് പള്ളിയിലാണ് ഞായറാഴ്ച രാവിലെ എട്ടരയോടെ ഈ സംഭവം അരങ്ങേറിയത്. ശക്തമായ മഴയ്ക്കിടെ പള്ളിയിലേക്ക് ഇരച്ചുകയറിയ ഏഴംഗ സായുധ സംഘം തിരുക്കർമ്മങ്ങൾ തടസപ്പെടുത്തുകയും വലിയ രീതിയിൽ ഭീതി പരത്തുകയും ചെയ്യുകയായിരുന്നു.
ആക്രമണ സമയത്ത് സായുധധാരികൾ ഭീതി സൃഷ്ടിച്ചതിനെത്തുടർന്ന് പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ ജീവനു വേണ്ടി ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പൊന്തിഫിക്കൽ വാർത്ത ഏജൻസിയായ 'എജെൻസിയ ഫിഡെസ്' റിപ്പോർട്ട് ചെയ്യുന്നു.
അക്രമികളെ പിന്തുടരാൻ ചില വിശ്വാസികൾ ശ്രമിച്ചെങ്കിലും തോക്കുധാരികളായ അക്രമികളുടെ പക്കൽ ബന്ദികളുണ്ടായിരുന്നതിനാൽ ബന്ദികളുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ഒരു സെമിനാരി വിദ്യാർത്ഥി, ഒരു മതബോധന അധ്യാപകൻ, ഒരു ഇടവകാംഗം എന്നിവരെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ തട്ടിക്കൊണ്ടുപോയവരിൽ ഒരാളായ മതബോധന അധ്യാപകന് മോചനം ലഭിച്ചു. എന്നാൽ ലോറൻസ് ചിഡേര ഇഗ്ബോ എന്ന സെമിനാരി വിദ്യാർത്ഥിയും, ഇമ്മാനുവൽ എന്ന ഇടവകാംഗവും ഇപ്പോഴും അക്രമികളുടെ പിടിയിലാണ്. ഇവരുടെ മോചനത്തിനായി പൊലീസും സുരക്ഷാ സേനയും അന്വേഷണം തുടരുകയാണ്.
നൈജീരിയയിൽ ഇത്തരം സംഭവങ്ങളിലൂടെ മോചനദ്രവ്യം ഈടാക്കുകയാണ് സായുധ സംഘങ്ങളുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നൂറുകണക്കിന് ക്രൈസ്തവരെയും വൈദികരെയുമാണ് സായുധ സംഘങ്ങൾ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയിട്ടുള്ളത്.