'ബൈ മീ എ കോഫി' കാപ്പിക്കടയല്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി റോജി എം. ജോണ്‍

'ബൈ മീ എ കോഫി' കാപ്പിക്കടയല്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി റോജി എം. ജോണ്‍

തിരുവനന്തപുരം: മഴക്കെടുതിക്കിടെ മുഖ്യമന്ത്രി ബൈ മീ എ കോഫി എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ പോയതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും അപവാദ പ്രചാരണങ്ങള്‍ക്കും മറുപടിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍. സാങ്കേതിക വിദ്യയും സര്‍ഗാത്മകതയും കോര്‍ത്തിണക്കുന്ന ആഗോളതലത്തില്‍ ശ്രദ്ധേയമായ ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭത്തെയാണ് കാപ്പിക്കട എന്ന് വിളിച്ച് ചിലര്‍ അധിക്ഷേപിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.

കണ്ടന്റ് ക്രിയേറ്റര്‍മാര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്ക് തങ്ങളുടെ പ്രേക്ഷകരില്‍ നിന്നും ആരാധകരില്‍ നിന്നും നേരിട്ട് സാമ്പത്തിക പിന്തുണയും സംഭാവനകളും സ്വീകരിക്കാന്‍ സൗകര്യമൊരുക്കുന്ന ഒരു പ്രമുഖ ഗ്ലോബല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ബൈ മീ എ കോഫി. യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ മലയാളി സംരംഭം ആഗോളതലത്തില്‍ 400 കോടിയലധികം രൂപയുടെ ഇടപാടുകള്‍ നടത്തുന്ന വലിയൊരു പ്രസ്ഥാനമാണ്.

ആഗോള ഫിന്‍ടെക് ഭീമന്മാരായ സ്‌ട്രൈപ്പ് ഉള്‍പ്പെടെയുള്ള മുന്‍നിര സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തിയിട്ടുള്ള ഈ ആശയം, ലോക പ്രശസ്ത ടെക് ആക്‌സിലറേറ്ററായ വൈ കോംബിനേറ്ററിലേക്ക് പതിനായിരക്കണക്കിന് ആപ്ലിക്കേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒന്നാണ്. വിദ്യാര്‍ഥികള്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും വായനയ്ക്കും ജോലിക്കുമായി മികച്ച അന്തരീക്ഷമൊരുക്കുന്നതിനൊപ്പം, സാംസ്‌കാരിക കൂട്ടായ്മകള്‍ക്കും വേദിയാകുന്ന ഒന്നാണ് ഈ പ്ലാറ്റ്ഫോമിന്റെ പുതിയ കേന്ദ്രം. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള ഇത്തരം നൂതന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ കൃത്യമായി മനസിലാക്കാതെ സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി പരിഹസിക്കുന്നത് നാടിന്റെ പുരോഗതിക്ക് തിരിച്ചടിയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

വലിയ ആശയങ്ങളുമായി മുന്നോട്ടുവരുന്ന മലയാളി ചെറുപ്പക്കാരുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം തരംതാഴ്ത്തി കാണിക്കുന്നത് തികച്ചും ഖേദകരമാണെന്നും വ്യക്തമായ വിവരങ്ങള്‍ അറിയാതെ ഇത്തരം അപവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.