റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് നിരോധനം: യു.എസ് സെനറ്റില്‍ ഉപരോധ ബില്‍ പാസായി; ഇന്ത്യയ്ക്കും ചൈനയ്ക്കും താരിഫ് ഭീഷണി

റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് നിരോധനം: യു.എസ് സെനറ്റില്‍ ഉപരോധ ബില്‍ പാസായി; ഇന്ത്യയ്ക്കും ചൈനയ്ക്കും താരിഫ് ഭീഷണി

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണയും പ്രകൃതി വാതകവും വാങ്ങുന്നത് തടഞ്ഞ് റഷ്യയുടെ സാമ്പത്തിക സ്രോതസുകള്‍ അടയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉപരോധ ബില്‍ പാസാക്കി യുഎസ് സെനറ്റ്. 11 ന് എതിരെ 86 വോട്ടുകള്‍ക്കാണ് ലിന്‍ഡ്‌സി ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്റ് ഇറാന്‍ ആക്റ്റ് 2026 സെനറ്റ് അംഗീകരിച്ചത്.

റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഊര്‍ജ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് എത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്താന്‍ ഈ നിയമം യു.എസ് പ്രസിഡന്റിന് അധികാരം നല്‍കുന്നു. റഷ്യന്‍ എണ്ണയും വാതകവും ഏറ്റവും കൂടുതല്‍ വാങ്ങുന്ന അഞ്ച് രാജ്യങ്ങളായ ഇന്ത്യ, ചൈന, അസര്‍ബൈജാന്‍, ഹംഗറി, സ്ലൊവാക്യ എന്നിവയാണ് പുതിയ നിര്‍ദേശ പ്രകാരം കനത്ത വിപണി ഭീഷണി നേരിടുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, മുതിര്‍ന്ന സൈനിക-രാഷ്ട്രീയ നേതാക്കള്‍, റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ഉപരോധങ്ങള്‍ മറികടക്കാന്‍ ഉപയോഗിക്കുന്ന ഷാഡോ ഷിപ്പുകള്‍ എന്നിവയ്‌ക്കെതിരെയും ബില്ലില്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ആകെ പ്രകൃതിവാതക ഇറക്കുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം റഷ്യയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഇളവുകള്‍ക്ക് വ്യവസ്ഥയുണ്ട്.

അന്തരിച്ച പ്രമുഖ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം മുന്‍കൈയെടുത്തു തയ്യാറാക്കിയ ബില്ലിന് ഇരുപാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചു. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇത്തരത്തില്‍ വിപുലമായ താരിഫ് അധികാരങ്ങള്‍ നല്‍കുന്നത് അമേരിക്കയില്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിന് ഇടയാക്കുമെന്ന് ചില ഡെമോക്രാറ്റിക് ജനപ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചു. സെനറ്റ് അംഗീകരിച്ച ഈ ബില്‍ ഇനി യു.എസ് ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് അയക്കും. അവിടെക്കൂടി ഭൂരിപക്ഷം നേടി അംഗീകരിക്കപ്പെടുകയും പ്രസിഡന്റ് ഒപ്പുവെക്കുകയും ചെയ്താല്‍ മാത്രമേ ഇത് പൂര്‍ണ നിയമമായി പ്രാബല്യത്തില്‍ വരികയുള്ളൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.