ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ തുടര്‍ച്ചയായ നീക്കങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. സംസ്ഥാനത്തെ 27 തന്ത്രപ്രധാന സ്ഥലങ്ങളെയും ഭൂപ്രദേശങ്ങളെയും സര്‍വേ ഓഫ് ഇന്ത്യയുടെ ഭൂപടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അടയാളപ്പെടുത്തി. അരുണാചല്‍ പ്രദേശ് സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ തീരുമാനമെടുത്തത്. ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാവശ്യ അവകാശ വാദങ്ങളെ പ്രതിരോധിക്കാനും പ്രദേശങ്ങളിന്മേലുള്ള ഇന്ത്യയുടെ പരമാധികാരവും നിയമപരമായ അധികാരപരിധിയും ഉറപ്പിക്കാനും ഈ നടപടി വഴിയൊരുക്കും.
അതിര്‍ത്തി ഗ്രാമമായ ലോങ്ജു ഉള്‍പ്പെടെ 21 കരപ്രദേശങ്ങള്‍, നാല് ചുരങ്ങള്‍, ഒരു തടാകം, ഒരു സ്മാരകം എന്നിവയാണ് പുതിയ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോങ്ജു, മജ, ബിസ, ബാര കുന്ദുന്‍, ഛോട്ട കുന്ദുന്‍, ധന്‍ ബാരി, പ്രിത്‌നഗര്‍, ബുദ്ധമന്ദിര്‍, ജയറാംപുര്‍, തെരിത്‌നഗര്‍, രാംനഗര്‍, ജസ്വന്ത് ഗഢ്, സാഗര്‍, പത്മ, ജ്യോതിനഗര്‍, ബൈസാഖി, ഛോട്ട റോപുക്, ബാര റോപുക്, ശിവാജി നഗര്‍, സുന്‍പുര, കാംലങ് നഗര്‍ എന്നി കരപ്രദേശങ്ങളും, ഡ്സോ ലാ, റിസ ലാ, പുക്കൂര്‍ ലാ, താഗ് ലാ എന്നീ ചുരങ്ങളും, സംഭോ സരോവര്‍ തടാകവും ഷേര്‍-ഇ-ഥാപ്പ സ്മാരകവുമാണ് ഈ പട്ടികയിലുള്ളത്.
പ്രദേശങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം വര്‍ധിപ്പിക്കുന്നതിനൊപ്പം റവന്യൂ, സെന്‍സസ് രേഖകള്‍, അടിസ്ഥാന സൗകര്യ വികസനം, അതിര്‍ത്തി റോഡ് നിര്‍മാണം എന്നിവയ്ക്ക് ഭരണപരമായ വ്യക്തത വരുത്താനും ഈ നടപടി സഹായിക്കും.
അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് ചൈന സ്വന്തം നിലയ്ക്ക് പേരുകള്‍ നല്‍കുന്നതിനെ അര്‍ത്ഥശൂന്യമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതിന് മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കിയ കേന്ദ്രം, പ്രദേശവാസികള്‍ക്ക് സ്റ്റാപ്പിള്‍ഡ് വിസ നല്‍കുന്നതും യാത്ര തടയുന്നതും പോലുള്ള ചൈനയുടെ വിവേചനപരമായ നടപടികളില്‍ മുന്‍പും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പുതിയ ഭൂപട സ്ഥിരീകരണത്തിലൂടെ അതിര്‍ത്തി പ്രദേശങ്ങളിന്മേലുള്ള വ്യക്തമായ ഭരണപരമായ അവകാശവും പരമാധികാരവും ഇന്ത്യ വീണ്ടും അടിവരയിടുകയാണ്.