വീണ്ടും പ്രതിസന്ധി നിഴലില്‍ ഓപ്പണ്‍ എഐ: തകര്‍ച്ചാ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി ശുഭാപ്തി വിശ്വാസവുമായി സാം ഓള്‍ട്ട്മാന്‍

വീണ്ടും പ്രതിസന്ധി നിഴലില്‍ ഓപ്പണ്‍ എഐ: തകര്‍ച്ചാ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി ശുഭാപ്തി വിശ്വാസവുമായി സാം ഓള്‍ട്ട്മാന്‍

ന്യൂയോര്‍ക്ക്: നിര്‍മിതബുദ്ധി രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഓപ്പണ്‍ എഐയുടെ സാമ്പത്തിക നിലനില്‍പ്പിനെയും ഭാവിയെയും കുറിച്ച് ആഗോള സാങ്കേതിക മേഖലയില്‍ തര്‍ക്കങ്ങള്‍ കനക്കുന്നു. കമ്പനി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ തന്നെ രംഗത്തെത്തി.

തകര്‍ച്ച പ്രവചിക്കുന്ന നിഷേധാത്മക നിലപാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാള്‍, കഠിനാധ്വാനത്തിലൂടെയും ശുഭാപ്തി വിശ്വാസത്തോടെയും മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി. ടെക് വിശകലന വിദഗ്ധനായ എഡ് സിട്രോണ്‍ മുന്‍പ് മുന്നോട്ടുവെച്ച ആശങ്കകള്‍ ഗൂഗിള്‍ ഡീപ്‌മൈന്‍ഡിലെ റിസര്‍ച്ച് എഞ്ചിനീയറായ ബ്രയാന്‍ ഹുവാങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ചതോടെയാണ് വിഷയത്തില്‍ വീണ്ടും ചൂടേറിയ സംവാദങ്ങള്‍ക്ക് വഴിതുറന്നത്.

നിശ്ചിത സമയപരിധിക്കുള്ളില്‍ ചില അടിസ്ഥാനപരമായ സാങ്കേതിക-സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓപ്പണ്‍ എഐയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഓപ്പണ്‍ എഐ തുടര്‍ന്നും വിജയകരമായി പ്രവര്‍ത്തിക്കണമെങ്കില്‍ അഞ്ച് പ്രധാന കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നാണ് സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രധാന നിക്ഷേപകരും അതേസമയം തന്നെ എതിരാളികളുമായ മൈക്രോസോഫ്റ്റുമായുള്ള സങ്കീര്‍ണമായ പങ്കാളിത്തം തന്ത്രപരമായി മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ഇതില്‍ ആദ്യത്തേത്.

ചരിത്രത്തില്‍ മറ്റേതൊരു സ്റ്റാര്‍ട്ടപ്പും സമാഹരിച്ചിട്ടില്ലാത്ത വിധത്തില്‍ ഭീമമായ തുക മൂലധനമായി കണ്ടെത്തുന്നത് തുടരുകയും വേണം. കൂടാതെ ജിപിടി മോഡലുകള്‍ നിര്‍മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള ചെലവുകള്‍ ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം എഐ സാങ്കേതിക വിദ്യയ്ക്ക് തികച്ചും പുതിയ പ്രായോഗിക ഉപയോഗ സാധ്യതകള്‍ കണ്ടെത്തേണ്ടതുമുണ്ട്. ഈ മുന്നേറ്റങ്ങള്‍ നിലവിലുള്ള ജോലികളെ ഓട്ടോമേറ്റ് ചെയ്യാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രാപ്തമായാല്‍ മാത്രമേ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ സൃഷ്ടിക്കപ്പെടുകയുള്ളൂ. ഇത്തരം പ്രവചനങ്ങള്‍ക്കെതിരെ വ്യക്തമായ നിലപാടാണ് സാം ഓള്‍ട്ട്മാന്‍ സ്വീകരിച്ചത്.

പരാജയപ്പെടാന്‍ സാധ്യതയുള്ളതും വെല്ലുവിളികള്‍ നിറഞ്ഞതുമായ പാതയിലൂടെയാണ് യാത്രയെങ്കിലും വ്യക്തികള്‍ പരിശ്രമിച്ചില്ലെങ്കില്‍ സമൂഹം തന്നെയാണ് പരാജയപ്പെടുകയെന്ന് അദേഹം ചൂണ്ടിക്കാട്ടി. ഒരു സംരംഭവും വിജയകരമായി നടക്കില്ല എന്ന തരത്തിലുള്ള പ്രവചനങ്ങള്‍ക്ക് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എഐ മേഖലയില്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മത്സര അന്തരീക്ഷത്തില്‍ ഓപ്പണ്‍ എഐ വരും ദിവസങ്ങളില്‍ സ്വീകരിക്കുന്ന സാങ്കേതികവും സാമ്പത്തികവുമായ തീരുമാനങ്ങളാകും കമ്പനിയുടെ ഭാവി നിര്‍ണയിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.