ജോര്‍ജിയ: പതിനാറാം നൂറ്റാണ്ടിൽ വിവാഹത്തിന്റെ വിശുദ്ധി സംരക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച അഞ്ച് സ്പാനിഷ് ഫ്രാന്‍സിസ്‌കന്‍ വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങിനായുള്ള ഒരുക്കങ്ങൾ യുഎസിലെ ജോർജിയയിൽ പുരോഗമിക്കുന്നു. ഒക്ടോബര്‍ 31 ന് ജോര്‍ജിയയിലെ സാവന്ന കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചരിത്രപ്രധാനമായ ഈ ചടങ്ങുകൾ നടക്കുന്നത്.
1597-ല്‍ ഇന്നത്തെ ജോര്‍ജിയന്‍ തീരമേഖലയിലാണ് ഫ്രാന്‍സിസ്‌കന്‍ മിഷനറിമാരായ പെഡ്രോ ഡി കോര്‍പ്പ, ബ്ലാസ് റോഡ്രിഗസ് ഡി ക്വാകോസ്, മിഗുവല്‍ ഡി അയോണ്‍, അന്റോണിയോ ഡി ബദജോസ്, ഫ്രാന്‍സിസ്‌കോ ഡി വെരാസ്‌കോള എന്നിവർ രക്തസാക്ഷിത്വം വരിച്ചത്.
കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഒരു പ്രാദേശിക ആദിവാസി നേതാവ് രണ്ടാമതൊരു വിവാഹത്തിന് മുതിർന്നപ്പോൾ ഫാ. പെഡ്രോ ഡി കോര്‍പ്പ അതിനെ ശക്തമായി എതിർത്തിരുന്നു. കത്തോലിക്ക സഭയുടെ ഏകഭാര്യാത്വമെന്ന തത്വവും വിശുദ്ധിയും ഉയര്‍ത്തിപ്പിടിച്ച വൈദികരെ ആദിവാസി വിഭാഗം പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന ആറാമത്തെയും, ജോര്‍ജിയ സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കല്‍ ചടങ്ങാണിത് എന്ന പ്രത്യേകതയുമുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നിര്യാണത്തിന്റെ 800-ാം വാര്‍ഷികാഘോഷങ്ങൾ നടക്കുന്ന ജൂബിലി വർഷത്തിലാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
വിവാഹ ജീവിതത്തിന്റെ വിശുദ്ധിക്കും കുടുംബ ബന്ധങ്ങളുടെ പവിത്രതയ്ക്കും വേണ്ടിയാണ് ഈ ദൈവദാസന്മാര്‍ ജീവൻ വെടിഞ്ഞതെന്ന് സാവന്ന ബിഷപ് സ്റ്റീഫന്‍ ഡി. പാര്‍ക്കസ് വ്യക്തമാക്കി. കത്തോലിക്ക കുടുംബ മൂല്യങ്ങളും വിശ്വാസങ്ങളും വിശ്വാസികളില്‍ കൂടുതൽ ആഴത്തിലുറപ്പിക്കാനുള്ള സുവർണ്ണാവസരമായാണ് ഈ ചടങ്ങിനെ കാണുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.