'മക്ക സംയുക്ത പ്രതിരോധ കരാര്‍': സൗദിക്കും തുര്‍ക്കിക്കും പാകിസ്ഥാനുമൊപ്പം ഈജിപ്തും ചേര്‍ന്നേക്കുമെന്ന് സൂചന

'മക്ക സംയുക്ത പ്രതിരോധ കരാര്‍': സൗദിക്കും തുര്‍ക്കിക്കും പാകിസ്ഥാനുമൊപ്പം ഈജിപ്തും ചേര്‍ന്നേക്കുമെന്ന് സൂചന

അങ്കാറ: പാകിസ്ഥാനും സൗദി അറേബ്യയും തുര്‍ക്കിയും ചേര്‍ന്ന് രൂപപ്പെടുത്തിയ പ്രതിരോധ സഖ്യത്തില്‍ ഈജിപ്തും
അംഗമായേക്കും. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാനാണ് ഇക്കാര്യം സൂചിപ്പിച്ചത്.

മൂന്ന് സ്ഥാപക അംഗങ്ങളില്‍ മാത്രമായി സഖ്യം ഒതുങ്ങി നില്‍ക്കാന്‍ തുര്‍ക്കി ആഗ്രഹിക്കുന്നില്ലെന്നും ചില സാങ്കേതിക തടസങ്ങള്‍ നീങ്ങുന്നതോടെ ഈജിപ്തും ഈ പ്രതിരോധ സഖ്യത്തിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'മക്ക സംയുക്ത പ്രതിരോധ കരാര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഉടമ്പടിയില്‍ വെള്ളിയാഴ്ചയാണ് പാകിസ്ഥാനും സൗദിയും തുര്‍ക്കിയും ഒപ്പു വെച്ചത്. ഈ സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം സഖ്യത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടുമെന്ന് ഹകന്‍ ഫിദാന്‍ വ്യക്തമാക്കി.

നാറ്റോയുടെ ആര്‍ട്ടിക്കിള്‍ അഞ്ചിന് സമാനമായ പരസ്പര പ്രതിരോധ വ്യവസ്ഥയാണിതെന്നും ഈ പുതിയ പ്രതിരോധ സഖ്യം ഇറാനെയോ മറ്റ് ഏതെങ്കിലും പ്രത്യേക രാജ്യത്തെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും ഫിദാന്‍ പറഞ്ഞു.

അംഗ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പൊതുവായ പ്രതിബദ്ധതയാണിത്. ഏതെങ്കിലും അംഗരാജ്യം ആക്രമിക്കപ്പെടാത്ത പക്ഷം മറ്റൊരു രാജ്യത്തെയും ഭീഷണിയായി കണക്കാക്കില്ല. ഏതെങ്കിലും അംഗം ആക്രമിക്കപ്പെട്ടാല്‍ നല്‍കേണ്ട സഹായത്തിന്റെ രീതിയെക്കുറിച്ചും അളവിനെക്കുറിച്ചും രാജ്യങ്ങള്‍ തമ്മില്‍ കൂടിയാലോചനകള്‍ നടത്തും. നിലവിലുള്ള മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പകരമല്ല ഈ സഖ്യമെന്നും തുര്‍ക്കി വ്യക്തമാക്കി.

രണ്ട് വര്‍ഷവും എട്ട് മാസവുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ കരാര്‍ യാഥാര്‍ത്ഥ്യമായത്. സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സൗദി അറേബ്യ ആസ്ഥാനമായി ഒരു ജനറല്‍ സെക്രട്ടേറിയറ്റും നാറ്റോ മാതൃകയിലുള്ള ഒരു മന്ത്രിതല സമിതിയും രൂപീകരിക്കുമെന്നാണ് പുറത്തു വരുന്ന സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.