ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം: നരേഷ് പാല്‍ ഗംഗ്വാറിന്റെ നിയമനം റദ്ദാക്കി; ദീപ്തി ഗൗര്‍ മുഖര്‍ജി പുതിയ സെക്രട്ടറി

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം: നരേഷ് പാല്‍ ഗംഗ്വാറിന്റെ നിയമനം റദ്ദാക്കി; ദീപ്തി ഗൗര്‍ മുഖര്‍ജി പുതിയ സെക്രട്ടറി

ന്യൂഡല്‍ഹി: കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ വീണ്ടും അഴിച്ച് പണി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി പ്രഖ്യാപിച്ച് മൂന്നാഴ്ച തികയും മുമ്പേ നരേഷ് പാല്‍ ഗംഗ്വാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന ദീപ്തി ഗൗര്‍ മുഖര്‍ജിയെയാണ് പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.

ജൂലൈ 23 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്, കാബിനറ്റ് നിയമന കമ്മിറ്റിയുടെ അംഗീകാരത്തോടെ തിങ്കളാഴ്ചയാണ് പേഴ്‌സണല്‍ മന്ത്രാലയം ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്.

1993 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ദീപ്തി ഗൗര്‍ മുഖര്‍ജി. രാജസ്ഥാന്‍ കേഡറിലെ 1994 ബാച്ച് ഉദ്യോഗസ്ഥനായ നരേഷ് പാല്‍ ഗംഗ്വാറിന്റെ കുടുംബത്തിന് കേന്ദ്ര സബ്‌സിഡി പദ്ധതി പ്രകാരം ലഭിച്ച സാമ്പത്തിക ആനുകൂല്യങ്ങളെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളാണ് നിയമനം പെട്ടെന്ന് റദ്ദാക്കാന്‍ കാരണമായതെന്നാണ് വിവരം. വെള്ളരിക്ക കൃഷിയുമായി ബന്ധപ്പെട്ട് കേന്ദ്ര തോട്ടവിള ബോര്‍ഡില്‍ നിന്ന് ഗംഗ്വാറിന്റെ കുടുംബത്തിന് വലിയ തുക സബ്‌സിഡിയായി ലഭിച്ചത് പൊതുമണ്ഡലത്തിലും സമൂഹമാധ്യമങ്ങളിലും വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് മുന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ സ്ഥാനത്ത് നിന്ന് മാറ്റി പഞ്ചായത്ത് രാജ് മന്ത്രാലയത്തിലേക്ക് നിയമിച്ചത്. തുടര്‍ന്നാണ് അനിമല്‍ ഹസ്ബന്‍ഡറി ആന്റ് ഡയറിയിങ് വകുപ്പ് സെക്രട്ടറിയായിരുന്ന നരേഷ് പാല്‍ ഗംഗ്വാറിനെ ഈ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ വിവാദങ്ങള്‍ കനത്തതോടെ മുന്‍ ഉത്തരവ് തിരുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനം നടത്തുകയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിയായി കര്‍ണാടക കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ടി.കെ അനില്‍കുമാറിനെയും അടുത്തിടെ നിയമിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.