'സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണം': കേന്ദ്ര-സംസ്ഥാന ആഭ്യന്തര മന്ത്രിമാര്‍ക്ക് കത്തയച്ച് മുന്‍ ആര്‍.എസ്.എസ് പ്രചാരക്

'സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ  ഭീകര സംഘടനകളായി പ്രഖ്യാപിക്കണം': കേന്ദ്ര-സംസ്ഥാന ആഭ്യന്തര മന്ത്രിമാര്‍ക്ക് കത്തയച്ച് മുന്‍ ആര്‍.എസ്.എസ് പ്രചാരക്

2000 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ് കുമാര്‍, വി.എച്ച്.പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദെ എന്നിവര്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

ബംഗളുരു: ആര്‍.എസ്.എസ്, വിശ്വ ഹിന്ദു പരിഷത്ത്, ബജ്രംഗ്ദള്‍ എന്നീ സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുന്‍ ആര്‍.എസ്.എസ് പ്രചാരകനായ യശ്വന്ത് സഹദേവ് ഷിന്‍ഡെ.

കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ച് കത്തയച്ചിരിക്കുന്നത്. രാജ്യത്ത് നടന്ന പല ബോംബ് സ്‌ഫോടനങ്ങളിലും ഈ സംഘടനകളുടെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണമാണ് ഷിന്‍ഡെ ഉന്നയിക്കുന്നത്.

2000 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ് കുമാര്‍, വി.എച്ച്.പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദെ എന്നിവര്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇവരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും ഷിന്‍ഡെ ആവശ്യപ്പെടുന്നു. വര്‍ഷങ്ങളായി ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ നിരന്തരം നിയമപോരാട്ടം നടത്തുന്ന വ്യക്തി കൂടിയാണ് യശ്വന്ത് ഷിന്‍ഡെ.

1990 മുതല്‍ ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു യശ്വന്ത് ഷിന്‍ഡെ. എന്നാല്‍, ബോംബ് നിര്‍മ്മാണത്തിനും പരിശീലനത്തിനുമുള്ള സംഘത്തില്‍ ചേരാന്‍ നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് താന്‍ സംഘടന വിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

2003 ല്‍ മിലിന്ദ് പരാന്ദെയുടെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ക്ക് ബോംബ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയിരുന്നു. രാജ്യത്തുടനീളം സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത യോഗങ്ങളില്‍ താനും പങ്കെടുത്തിട്ടുണ്ടെന്ന് 2022 ല്‍ മഹാരാഷ്ട്രയിലെ നാന്ദേഡ് സി.ബി.ഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്തി അതിന്റെ ഉത്തരവാദിത്തം മുസ്ലീം സമുദായത്തിന്റെ മേല്‍ കെട്ടിവെക്കുന്നതിനായി പ്രത്യേക പരിശീലനം നല്‍കിയിരുന്നതായി മുന്‍പ് നല്‍കിയ പല അഭിമുഖങ്ങളിലും ഷിന്‍ഡെ ആരോപിച്ചിട്ടുണ്ട്. അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസ്, 2008 ലെ മലേഗാവ് സ്‌ഫോടനക്കേസ് തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയും ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് അദ്ദേഹം കത്തില്‍ അക്കമിട്ട് നിരത്തുന്നത്.

കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ അടുത്തിടെ ആര്‍.എസ്.എസിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. സംഘടനയുടെ സാമ്പത്തിക സ്രോതസ്, നികുതി വിവരങ്ങള്‍, സംഘടനാ ഘടന എന്നിവ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മോഹന്‍ ഭാഗവതിന് തുറന്ന കത്തെഴുതിയത് വലിയ ചര്‍ച്ചയായിരുന്നു.

ഇതിന് പിന്നാലെയാണ് മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തന്നെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രിമാര്‍ക്ക് കത്തയച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. സി.ബി.ഐയുടെ അന്വേഷണങ്ങളില്‍ പല ആരോപണങ്ങള്‍ക്കും തെളിവ് ലഭിച്ചിരുന്നെങ്കിലും ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെടുകയായിരുന്നെന്നും ഷിന്‍ഡെ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ 1998 ലെ പൊഖ്‌റാന്‍ പരീക്ഷണം, കാര്‍ഗില്‍ യുദ്ധം, 2002 ലെ ഗുജറാത്ത് കലാപം, 2019 ലെ പുല്‍വാമ ആക്രമണം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളിലും ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ ഷിന്‍ഡെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.