വത്തിക്കാൻ സിറ്റി: യേശുവിൻ്റെ സാന്നിധ്യത്തിൽ സകലതും നവീകരിക്കപ്പെടുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ത്രികാലജപ പ്രാർഥനയോടനുബന്ധിച്ചുള്ള പ്രതിവാര സന്ദേശത്തിൽ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചുകൂടിയ തീർത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ.
യേശു കടലിനു മീതെ നടക്കുകയും കൊടുങ്കാറ്റിൽ അകപ്പെട്ട ശിഷ്യന്മാരുടെ അടുത്തേക്ക് കടന്നുവരുകയും ചെയ്ത സംഭവം വിവരിക്കുന്ന അന്നേ ദിവസത്തെ സുവിശേഷ വായനയാണ് പാപ്പാ ധ്യാന വിഷയമാക്കിയത്. (മത്തായി 14:22-33)
'ഭയപ്പെടേണ്ട'
ശിഷ്യന്മാരെ ശാന്തരാക്കാനാണ് യേശു അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടതെങ്കിലും, ആ കാഴ്ച അവരെ കൂടുതൽ ഭയവിഹ്വലരാക്കുകയാണ് ചെയ്തത്. ആ ദുർഘട നിമിഷത്തിൽ ക്രിസ്തു അവരോടു പറഞ്ഞു: 'ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ.' (മത്തായി 14 : 27)
കർത്താവിൻ്റെ സാന്നിധ്യം എല്ലാറ്റിനെയും നവീകരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. പത്രോസ് തിരമാലകൾക്ക് മുകളിലൂടെ ഏതാനും ചുവടുകൾ വച്ചെങ്കിലും, ഉള്ളിൽ ഭയം വളർന്നതിനെ തുടർന്ന് മുങ്ങി പോകാൻ തുടങ്ങിയപ്പോൾ, യേശു കരം നീട്ടി അവനെ രക്ഷിക്കുന്നതാണ് സുവിശേഷത്തിൽ നാം കാണുന്നത്. നാം ഭയപ്പെടാതിരിക്കേണ്ടത് ആവശ്യമാണെന്നും ഒരിക്കലും യേശുവിൽ നിന്ന് കണ്ണ് എടുക്കരുതെന്നുമാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നതെന്ന് മാർപാപ്പ വിശദീകരിച്ചു.
വിശ്വാസത്തിൻ്റെ ശക്തി
ഈ അനുഭവം, 'നീ സത്യമായും ദൈവപുത്രനാണ്' എന്ന് പ്രഖ്യാപിക്കാൻ തക്കവിധം ശിഷ്യന്മാരുടെ ഹൃദയത്തെ വിശ്വാസത്തിൽ ദൃഢപ്പെടുത്തി. ഈ പ്രഖ്യാപനത്തെ, മത്തായിയുടെ സുവിശേഷത്തിൽ യേശു പറയുന്ന മറ്റൊരു വചനവുമായി പാപ്പാ ബന്ധപ്പെടുത്തി. അവിടെ യേശു ഇപ്രകാരം പറയുന്നു: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താല്‍...ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ചെന്നു വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും."
(മത്തായി 21 : 21) ഇതുതന്നെയാണ് അന്ന് അവർ ആ തടാകത്തിൽ അനുഭവിച്ചറിഞ്ഞതെന്ന് പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു. ക്രിസ്തുവിൻ്റെ സമാധാനം ആർത്തലയ്ക്കുന്ന തിരമാലകൾക്കിടയിൽ അവരുടെ അടുത്തെത്തി.
സ്വയം വലിയവരെന്ന് ഭാവിക്കരുത്
ഈ സംഭവം നമ്മെ സുപ്രധാനമായ രണ്ടുകാര്യങ്ങൾ പഠിപ്പിക്കുന്നു. ഒന്നാമത്തേത്, വിജയത്തിൽ അമിതമായി അഹങ്കരിച്ച് സ്വയം വലിയവരെന്ന് ഭാവിക്കരുത് എന്ന കാര്യമാണ്. രണ്ടാമതായി, പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പോഴും നിസ്സഹായരെന്നു തോന്നുന്ന ഇരുളടഞ്ഞ നിമിഷങ്ങളിലും നമ്മുടെ പരിശ്രമങ്ങൾക്കിടയിലും മുന്നോട്ടല്ല പിന്നോട്ടാണ് നീങ്ങുന്നതെന്ന് തോന്നുമ്പോഴും നാം നിരാശപ്പെടരുത്. ഏതു സാഹചര്യത്തിലാണെങ്കിലും യേശു നമ്മെ ഉപേക്ഷിക്കുകയില്ല.
പ്രാർഥന, കൂദാശകൾ, തിരുവചന ശ്രവണം എന്നിവയിലൂടെ നമ്മുടെ ജീവിതമാകുന്ന വഞ്ചിയിലേക്ക് യേശുവിനെ നാം എളിമയോടെ സ്വീകരിച്ചാൽ, അവിടത്തെ സാന്നിധ്യത്തിൽ നമുക്ക് സമാധാനവും വെളിച്ചവും യാത്രയ്ക്കുള്ള കരുത്തും ലഭിക്കും. തനിക്കുണ്ടായിരുന്ന വിശ്വാസം നിമിത്തം 'ഭാഗ്യവതി' എന്ന് വിളിക്കപ്പെട്ട പരിശുദ്ധ കന്യകാമറിയം ഈ മാർഗത്തിൽ ജീവിക്കാൻ നമ്മെ സഹായിക്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.