യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരമാണ്ട്; വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുററിച്ച് ജോർദാൻ

യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരമാണ്ട്; വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുററിച്ച് ജോർദാൻ

ജോർദാന്‍: യേശുക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരം വർഷം തികയുന്ന 2030 ൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനായി ജോർദാനിൽ സർക്കാർ തലത്തിലുള്ള ഒരുക്കങ്ങൾ സജീവമാകുന്നു. ജോർദാനിലെ അൽ-മഗ്താസിൽ നടന്ന യേശുവിന്റെ മാമോദീസയുടെ ചരിത്രപരമായ പ്രാധാന്യം മുൻനിർത്തി പ്രധാനമന്ത്രി ജാഫർ ഹMന്റെ നേതൃത്വത്തിലുള്ള ദേശീയ സമിതിയാണ് പദ്ധതികൾക്ക് രൂപം നൽകുന്നത്. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ദേശീയ സമിതി രൂപീകരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ജാഫർ ഹസ്സന്റെ അധ്യക്ഷതയിൽ ചേർന്ന സമിതിയുടെ ആദ്യ യോഗത്തിൽ, ക്രൈസ്തവ സഭാനേതാക്കളുടെ കൗൺസിൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കാനും ആഘോഷങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു. സമാധാനം, സ്നേഹം, സഹവർത്തിത്വം എന്നിവയുടെ ആഗോള കേന്ദ്രമായി ജോർദാനെ അടയാളപ്പെടുത്തുന്നതിനൊപ്പം, ലോകമെമ്പാടുമുള്ള ക്രൈസ്തവ തീർത്ഥാടകരുടെ പ്രധാന ലക്ഷ്യസ്ഥാനമായി രാജ്യത്തെ മാറ്റുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ആഘോഷങ്ങളുടെ ഭാഗമായി ജ്ഞാനസ്നാനം നടന്ന സ്ഥലത്തിന് സമീപം വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തീർത്ഥാടകർക്കായി ഒരു സംയോജിത തീർത്ഥാടന ഗ്രാമം, യേശുക്രിസ്തുവിന്റെ സ്നാനത്തെക്കുറിച്ചുള്ള പ്രത്യേക മ്യൂസിയം, പരിസ്ഥിതി സൗഹൃദമായ ഹരിത ഇടനാഴികൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്താൻ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനവും ഉറപ്പാക്കിയിട്ടുണ്ട്.

രാജ്യത്തെ വിവിധ വകുപ്പ് മന്ത്രിമാരെ കൂടാതെ, ജോർദാനിലെ ഗ്രീക്ക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫോറോസ് അത്തല്ല, ജോർദാനിലെ ലാറ്റിൻ പാത്രിയാർക്കൽ വികാർ ആർച്ച് ബിഷപ്പ് ഡോ. ഇയാദ് ത്വാല്, ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ഹൊസ്സാം നൗം, ഇവാഞ്ചലിക്കൽ നേതാവ് മുനിബ് യൂനാൻ, കൂടാതെ നദീം അൽ-മൗഷർ, ഒസാമ ഇംസീഹ്, ബാസെം ഫറാജ് തുടങ്ങിയ പ്രമുഖരും 'ബാപ്റ്റിസം സൈറ്റ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ', 'ബാപ്റ്റിസം സൈറ്റ് കമ്മീഷൻ', ജോർദാൻ ടൂറിസം ബോർഡ് എന്നിവയുടെ പ്രതിനിധികളും ഈ ദേശീയ സമിതിയിൽ അംഗങ്ങളാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.