'ചന്ദ്രനില്‍ പുതിയ ചെങ്ങാത്തം തുടങ്ങാം'; മൂണ്‍ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒയെ ക്ഷണിച്ച് നാസ

'ചന്ദ്രനില്‍ പുതിയ ചെങ്ങാത്തം തുടങ്ങാം'; മൂണ്‍ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒയെ ക്ഷണിച്ച് നാസ

ന്യൂഡല്‍ഹി: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ മൂണ്‍ ബേസ് പദ്ധതിയില്‍ പങ്കാളിയാകാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആര്‍ഒയ്ക്ക് ക്ഷണം.

ഓഗസ്റ്റ് 5, 6 തീയതികളില്‍ ബംഗളൂരുവില്‍ നടന്ന ഒമ്പതാമത് ഇന്ത്യ-യു.എസ് സിവില്‍ സ്‌പേസ് ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ അടുത്തിടെ നാസ ആരംഭിച്ച ഈ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒയ്ക്ക് ക്ഷണം നല്‍കിയത്. ഇന്ത്യയിലെ യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോറും യോഗത്തെ അഭിസംബോധന ചെയ്തിരുന്നു.

ചന്ദ്രന്‍ അടക്കമുള്ള ബാഹ്യാകാശത്തിന്റെ സിവിലിയന്‍ പര്യവേക്ഷണങ്ങളെ നിയന്ത്രിക്കുന്ന പൊതു തത്ത്വങ്ങള്‍ വികസിപ്പിക്കാനും പാലിക്കാനും ലക്ഷ്യമിട്ട് അമേരിക്കയുടെ നേതൃത്വത്തിലുള്ള ബഹിരാകാശ കൂട്ടായ്മയായ ആര്‍ട്ടിമിസ് കരാറില്‍ 2023 മുതല്‍ ഇന്ത്യ പങ്കാളിയാണ്. ആര്‍ട്ടിമിസ് കരാറില്‍ ഒപ്പുവെക്കുന്ന 27-ാമത് രാജ്യമായിരുന്നു ഇന്ത്യ. നിലവില്‍ ആകെ 70 രാജ്യങ്ങള്‍ ഈ കരാറിന്റെ ഭാഗമാണ്.

ആര്‍ട്ടിമിസ് കരാറിന് കീഴിലുള്ള ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം മുന്‍നിര്‍ത്തിയാണ് മൂണ്‍ ബേസ് പ്രോഗ്രാമില്‍ ചേരാന്‍ നാസ ഐഎസ്ആര്‍ഒയെ ക്ഷണിച്ചെന്ന് ഇന്ത്യയിലെ യു.എസ് എംബസി പ്രസ്താവനയില്‍ അറിയിച്ചു. കരാറിന് കീഴില്‍ ഓപ്പണ്‍ സയന്റിഫിക് ഡാറ്റ പങ്കുവെക്കുന്നതില്‍ സഹകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനും ഇരുപക്ഷവും സമ്മതിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരു രാജ്യങ്ങളിലെയും ബഹിരാകാശ ഏജന്‍സികള്‍ തമ്മില്‍ മികച്ച രീതിയില്‍ സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. ഇന്ത്യ ആര്‍ട്ടിമിസ് കരാറില്‍ ചേര്‍ന്ന അതേ വര്‍ഷം തന്നെ, മനുഷ്യ ബഹിരാകാശ യാത്രയിലെ സഹകരണത്തിനുള്ള തന്ത്രപരമായ ചട്ടക്കൂട് വികസിപ്പിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു.

ഇതിന്റെ ഭാഗമായി സ്വകാര്യ മിഷനുകളിലൂടെ ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) അയക്കുന്നതിനായി നാസയുടെ കേന്ദ്രങ്ങളില്‍ വെച്ച് അവര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചിരുന്നു. 2025 ല്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാന്‍ഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ചത് ഈ കരാറിന്റെ ഫലമായാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.