വാട്സാപ്പ് വഴി വ്യാജ കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റ്: ഡ്രൈവിങ് ലൈസന്‍സ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ എം.വി.ഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

വാട്സാപ്പ് വഴി വ്യാജ കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റ്: ഡ്രൈവിങ് ലൈസന്‍സ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ എം.വി.ഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

കൊച്ചി: ആശുപത്രിയില്‍ പോകാതെയും ക്യൂ നില്‍ക്കാതെയും മിനിറ്റുകള്‍ക്കകം വാട്സാപ്പില്‍ ലഭിക്കുന്ന കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ വിശ്വസിച്ച് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ആര്‍.ടി ഓഫീസില്‍ ലേണേഴ്സ് ടെസ്റ്റിനെത്തിയ അപേക്ഷകര്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സംശയം തോന്നിയ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

തുടര്‍ന്ന് എം.വി.ഡി അധികൃതര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ബന്ധപ്പെടുകയും ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് യാതൊരുവിധ നിയമസാധുതയുമില്ലെന്നും ഇത് സംഘടിത തട്ടിപ്പാണെന്നും വ്യക്തമാകുകയും ചെയ്തു. തട്ടിപ്പ് വെബ്സൈറ്റുകള്‍ വഴി 900 രൂപ മുതല്‍ 1500 രൂപ വരെ ഫീസ് ഈടാക്കിയാണ് ഈ മാഫിയ പ്രവര്‍ത്തിക്കുന്നത്. ഫീസടച്ച ശേഷം ലഭിക്കുന്ന ഗൂഗിള്‍ മീറ്റ് ലിങ്ക് വഴി ഫോണ്‍ ക്യാമറയ്ക്ക് മുന്നില്‍ മിനിറ്റുകള്‍ നീളുന്ന വ്യാജ പരിശോധന നടത്തുകയും തൊട്ടുപിന്നാലെ വ്യാജ ഒപ്പും സീലുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാട്സാപ്പില്‍ അയച്ച് നല്‍കുകയുമാണ് ചെയ്യുന്നത്.

മുമ്പ് ഡോ. ഹേമ കുമാര്‍ എന്ന പേരില്‍ എറണാകുളം ജനതാ റോഡിലെ വിലാസത്തിലാണ് തട്ടിപ്പുകാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. എം.വി.ഡി ഉദ്യോഗസ്ഥര്‍ നടത്തിയ നേരിട്ടുള്ള പരിശോധനയില്‍ അത്തരമൊരു സ്ഥാപനമോ ഡോക്ടറോ അവിടെയില്ലെന്ന് കണ്ടെത്തി. ഇതോടെ പരിശോധന കര്‍ശനമാക്കിയ അധികൃതരെ വെട്ടിച്ച്, ഡോ. റെഡ്ഡി എന്ന പുതിയ പേരില്‍ തട്ടിപ്പ് സംഘം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇറക്കാന്‍ തുടങ്ങുകയായിരുന്നു.

കണ്ണിന്റെ ദൂരക്കാഴ്ച, കളര്‍ വിഷന്‍ തുടങ്ങിയ സങ്കീര്‍ണമായ പരിശോധനകള്‍ അക്ഷരങ്ങള്‍ വായിപ്പിച്ചും മറ്റ് വിദഗ്ധ മാര്‍ഗങ്ങളിലൂടെയും നേരിട്ട് മാത്രമേ നടത്താന്‍ പാടുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. അംഗീകൃത ഐ ഹോസ്പിറ്റലുകളില്‍ നേരിട്ട് പോയാല്‍ 350 രൂപയില്‍ താഴെ ചെലവില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിനാണ് തട്ടിപ്പുകാര്‍ വന്‍തുക ഈടാക്കുന്നത്. ഓണ്‍ലൈന്‍ വഴി നേടുന്ന ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഡ്രൈവിങ് ലൈസന്‍സിനായി ഒരു കാരണവശാലും സ്വീകരിക്കില്ലെന്നും തട്ടിപ്പുകളില്‍ വീഴരുതെന്നും എം.വി.ഡി മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.