താരിഫ് വെട്ടിപ്പിന് ചൈനയുടെ ഷാഡോ നെറ്റ്‌വര്‍ക്ക്: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വഴി കള്ളക്കടത്ത്; തടയാന്‍ എഐ സാങ്കേതിക വിദ്യയുമായി അമേരിക്ക

താരിഫ് വെട്ടിപ്പിന് ചൈനയുടെ ഷാഡോ നെറ്റ്‌വര്‍ക്ക്: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വഴി കള്ളക്കടത്ത്; തടയാന്‍ എഐ സാങ്കേതിക വിദ്യയുമായി അമേരിക്ക

വാഷിങ്ടണ്‍: അമേരിക്ക ചുമത്തിയ ഉയര്‍ന്ന താരിഫുകള്‍ മറികടക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ നാല്‍പ്പതോളം രാജ്യങ്ങള്‍ ചൈനയെ സഹായിച്ചതായി യുഎസ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ മറ്റ് രാജ്യങ്ങള്‍ വഴി അമേരിക്കയിലേക്ക് എത്തിക്കുന്ന ഈ സംവിധാനത്തെ ഷാഡോ നെറ്റ്‌വര്‍ക്കുകള്‍ എന്നാണ് യു.എസ് വിശേഷിപ്പിച്ചത്. ഇത്തരം അനധികൃത വ്യാപാര ഇടപാടുകള്‍ കണ്ടുപിടിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ യു.എസ് ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന വ്യാപാര ഉപദേഷ്ടാവായ പീറ്റര്‍ നവാരോ തയ്യാറാക്കിയ ദ ഗ്രേറ്റ് ട്രാന്‍സ്ഷിപ്‌മെന്റ് സ്‌കാം എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ട്രംപ് ഭരണകൂടം 2018 ല്‍ ചൈനയ്ക്ക് മേല്‍ വകുപ്പ് 301 പ്രകാരം ആദ്യമായി താരിഫ് ചുമത്തിയത് മുതലാണ് മറ്റ് രാജ്യങ്ങള്‍ വഴിയുള്ള ഈ വഴിതിരിച്ചുവിടല്‍ വ്യാപകമായി വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ മൂന്നാം രാജ്യങ്ങളിലൂടെ ഓരോ വര്‍ഷവും വഴിതിരിച്ചുവിടുന്ന ഉല്‍പന്നങ്ങളുടെ മൂല്യം 40 ബില്യണ്‍ ഡോളര്‍ മുതല്‍ 303 ബില്യണ്‍ ഡോളര്‍ വരെയാണെന്ന് കണക്കാക്കപ്പെടുന്നു.

ഉല്‍പന്നങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിര്‍മിച്ചതാണെന്ന തെറ്റായ പ്രതീതി സൃഷ്ടിച്ച് അമേരിക്കന്‍ വിപണിയിലെത്തിക്കുകയാണ് ഇതിലൂടെ ചൈന ചെയ്യുന്നത്. കുറഞ്ഞ തൊഴില്‍ ചെലവ്, പരിമിതമായ കസ്റ്റംസ് പരിശോധനകള്‍, അമേരിക്കന്‍ വിപണിയിലേക്ക് വേഗത്തില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കാനുള്ള സൗകര്യം എന്നിവ നോക്കിയാണ് ചൈന ഇത്തരം രാജ്യങ്ങളെ പങ്കാളികളാക്കുന്നത്. ഇത്തരം നിയമവിരുദ്ധ കയറ്റുമതികള്‍ തടയുന്നതിനും മൂന്നാം രാജ്യങ്ങള്‍ വഴി അമേരിക്കയിലെത്തുന്ന ചൈനീസ് സാധനങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നതിനുമായി ഡിറ്റക്ടീവ് ബോര്‍ഡര്‍ എന്ന പേരില്‍ പ്രത്യേക എഐ ടൂള്‍ വികസിപ്പിക്കാനാണ് അമേരിക്ക നിലവില്‍ പദ്ധതിയിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.