'ഉയര്‍ന്ന തീരുവ മറികടക്കുന്നതിന് ഇന്ത്യയടക്കം നാല്‍പതോളം രാജ്യങ്ങള്‍ ചൈനയെ സഹായിച്ചു; വ്യാപാര തട്ടിപ്പുകള്‍ കണ്ടെത്താന്‍ എഐ ഉപയോഗപ്പെടുത്തുമെന്ന് അമേരിക്ക

'ഉയര്‍ന്ന തീരുവ മറികടക്കുന്നതിന് ഇന്ത്യയടക്കം നാല്‍പതോളം രാജ്യങ്ങള്‍ ചൈനയെ സഹായിച്ചു; വ്യാപാര തട്ടിപ്പുകള്‍ കണ്ടെത്താന്‍ എഐ ഉപയോഗപ്പെടുത്തുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ട്രംപ് പ്രഖ്യാപിച്ച ഉയര്‍ന്ന തീരുവകള്‍ മറികടക്കുന്നതിന് ഇന്ത്യയടക്കം നാല്‍പതോളം രാജ്യങ്ങള്‍ ചൈനയെ സഹായിച്ചതായി അമേരിക്ക. ഷാഡോ നെറ്റ്വര്‍ക്കുകള്‍ എന്നാണ് അമേരിക്ക ഈ രാജ്യങ്ങളെ വിളിക്കുന്നത്.

ഇന്ത്യ, കാനഡ, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ നാല്‍പതിലധികം രാജ്യങ്ങള്‍ ഈ നീക്കത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് യു.എസ്. ആരോപിച്ചു. ഇത്തരം വ്യാപാര തട്ടിപ്പുകള്‍ കണ്ടെത്താന്‍ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന വ്യാപാര ഉപദേഷ്ടാവായ പീറ്റര്‍ നവാരോ പുറത്തിറക്കിയ 'ദ ഗ്രേറ്റ് ട്രാന്‍സ്ഷിപ്മെന്റ് സ്‌കാം' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ട്രംപ് ഭരണകൂടം ചൈനയ്ക്ക് ആദ്യമായി വകുപ്പ് 301 പ്രകാരമുള്ള താരിഫ് ചുമത്തിയ 2018 മുതലാണ് ഈ രീതി സ്വാഭാവികമായി വര്‍ധിച്ച് വന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൈനീസ് ഉല്‍പന്നങ്ങള്‍ തീരുവ കുറവുള്ള രാജ്യങ്ങളിലേക്കയച്ച് അവിടെ വെച്ച് ചെറിയ രീതിയിലുള്ള ലേബലിങ്, റീപാക്കിങ്, അല്ലെങ്കില്‍ ബില്ലിങില്‍ മാറ്റം വരുത്തല്‍ എന്നിവയിലൂടെ പുതിയൊരു രാജ്യത്തിന്റെ ഉല്‍പന്നമാണെന്ന വ്യാജേന അമേരിക്കയിലേക്ക് കയറ്റിയയയ്ക്കുകയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ചൈനീസ് നിര്‍മിത പമ്പുകളും കംപ്രസറുകളും ഇത്തരത്തില്‍ പ്രോസസ് ചെയ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇപ്രകാരം താരതമ്യേന കുറഞ്ഞ തീരുവ ചുമത്തുന്ന മൂന്നാം ലോക രാജ്യങ്ങളിലൂടെ ഓരോ വര്‍ഷവും വഴിതിരിച്ചുവിടുന്ന സാധനങ്ങളുടെ മൂല്യം 40 ബില്യണ്‍ അമേരിക്കന്‍ ഡോളറിനും 303 ബില്യണ്‍ ഡോളറിനും ഇടയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഉല്‍പന്നങ്ങള്‍ മറ്റ് രാജ്യത്തേതാണെന്ന പ്രതീതി സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറഞ്ഞ തൊഴില്‍ ചെലവ്, പരിമിതമായ കസ്റ്റംസ് മേല്‍നോട്ടം, പെട്ടെന്ന് അമേരിക്കന്‍ മാര്‍ക്കറ്റില്‍ എത്തിപ്പെടാന്‍ സഹായിക്കുന്ന രാജ്യങ്ങള്‍ എന്നിവ നോക്കിയാണ് ചൈന കയറ്റുമതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ മൂന്നാം ലോക രാജ്യങ്ങളിലൂടെ വഴിതിരിച്ചുവിട്ട് അമേരിക്കയിലെത്തുന്ന സാധനങ്ങള്‍ തിരിച്ചറിയാന്‍ 'ഡിറ്റക്ടീവ് ബോര്‍ഡര്‍' എന്ന എഐ ടൂള്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.