വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സൈനിക നീക്കങ്ങളില്‍ അമേരിക്കയുടെ കരുത്തായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി കപ്പലിലെ ജീവനക്കാര്‍ കടുത്ത മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. മാസങ്ങളായി തുടരുന്ന കടല്‍ ദൗത്യവും കപ്പലിലെ മോശം ജീവിത സാഹചര്യങ്ങളുമാണ് നാവികരുടെ മനോവീര്യം തകര്‍ത്തത്. വിയറ്റ്നാം യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വിന്യാസങ്ങളിലൊന്നായി ഇത് മാറുന്നതിനിടെ, കപ്പലില്‍ ആത്മഹത്യാ ശ്രമങ്ങള്‍ വര്‍ധിക്കുന്നതായും വിവരമുണ്ട്.
കഴിഞ്ഞ മാസം കപ്പലില്‍ നിന്ന് കടലില്‍ ചാടിയ രണ്ട് നാവികരെയും ഈ മാസം ആദ്യം വെള്ളത്തില്‍ വീണ മറ്റൊരു ജീവനക്കാരനെയും രക്ഷപ്പെടുത്തി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ഇവ അപകടങ്ങളല്ലെന്നും കനത്ത നിരാശ മൂലം നാവികര്‍ നടത്തിയ ആത്മഹത്യാ ശ്രമങ്ങളാണെന്നുമാണ് ഉയര്‍ന്നുവരുന്ന ആരോപണം. സാന്‍ഡിയാഗോയിലെ ആസ്ഥാനത്ത് നിന്ന് പുറപ്പെട്ട് 260 ദിവസത്തിലധികമായി കടലില്‍ തുടരുന്ന കപ്പല്‍, കഴിഞ്ഞ ഡിസംബറില്‍ ഗുവാമില്‍ നങ്കൂരമിട്ടതിന് ശേഷം തുടര്‍ച്ചയായി 250 ഓളം ദിവസങ്ങളായി ഒരു തുറമുഖത്ത് പോലും അടുപ്പിച്ചിട്ടില്ല. ഏഴ് മാസത്തെ സാധാരണ വിന്യാസ കാലാവധി ലംഘിക്കപ്പെടുന്നത് നാവികരില്‍ കനത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്.
കപ്പലിനുള്ളിലെ ജീര്‍ണിച്ച അന്തരീക്ഷം നാവികരുടെ ദുരിതം ഇരട്ടിയാക്കുന്നു. പ്രവര്‍ത്തിക്കാത്ത വാഷിങ് മെഷനുകള്‍, പൂപ്പല്‍ പിടിച്ച ഷവറുകള്‍, കേടായ ടോയ്ലറ്റുകള്‍, ചൂടുവെള്ളത്തിന്റെയും ശുദ്ധജലത്തിന്റെയും ക്ഷാമം, ഇടയ്ക്കിടെ അനുഭവപ്പെടുന്ന ഭക്ഷണക്ഷാമം എന്നിവ ജീവനക്കാരെ വലയ്ക്കുകയാണ്. തുറമുഖങ്ങളില്‍ അടുക്കാത്തതിനാല്‍ അടിസ്ഥാന ശുചിത്വ വസ്തുക്കള്‍ പോലും ലഭ്യമല്ലെന്നും കുടുംബങ്ങള്‍ അയക്കുന്ന സാധനങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞാണ് കൈകളില്‍ എത്തുന്നതെന്നും ജീവനക്കാരുടെ ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു.
വിഷയം യു.എസ് സെനറ്റില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് യുഎസ്എസ് ജോര്‍ജ് വാഷിങ്ടണ്‍ എന്ന മറ്റൊരു വിമാനവാഹിനി കപ്പല്‍ മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക അയച്ചിട്ടുണ്ട്. എന്നാല്‍ എബ്രഹാം ലിങ്കണെ എപ്പോള്‍ തിരികെ വിളിക്കുമെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. കപ്പലില്‍ ആവശ്യമായ മാനസികാരോഗ്യ പിന്തുണ നല്‍കുന്നുണ്ടെന്ന് നാവികസേന അവകാശപ്പെടുമ്പോള്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. അതിനിടെ തുടര്‍ച്ചയായ ഇത്തരത്തിലുള്ള ദീര്‍ഘകാല വിന്യാസങ്ങള്‍ നാവികര്‍ സൈന്യം ഉപേക്ഷിച്ച് പോകാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.