സെന്‍സസ് ചോദ്യാവലിയില്‍ ആശങ്ക: പൗരത്വ നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ നീക്കമെന്ന് ആരോപണം

സെന്‍സസ് ചോദ്യാവലിയില്‍ ആശങ്ക: പൗരത്വ നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ നീക്കമെന്ന് ആരോപണം

ന്യൂഡല്‍ഹി: സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യാവലിയിലെ വിവരശേഖരണത്തില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമൂഹിക ആശങ്കകള്‍ ഉയര്‍ന്നുവരുന്നു. സെന്‍സസ് കണക്കുകള്‍ ഉപയോഗിച്ച് പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്‍.സി) പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

2011 ലെ സെന്‍സസിനെ അപേക്ഷിച്ച് 14 പുതിയ ചോദ്യങ്ങളാണ് ഇത്തവണ ചോദ്യാവലിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇതില്‍ മാതാപിതാക്കളുടെ വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍, ആധാര്‍, വോട്ടര്‍ ഐ.ഡി, പാസ്പോര്‍ട്ട് നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നത് പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്ക വര്‍ധിപ്പിക്കുന്നു. 2020 ല്‍ എന്‍.ആര്‍.സി നടപ്പാക്കുന്നതിനായി തയ്യാറാക്കിയ ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിരുന്ന അതേ വിവരങ്ങള്‍ തന്നെയാണ് നിലവിലെ സെന്‍സസിലും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതാണ് വിമര്‍ശകരുടെ പ്രധാന ചൂണ്ടിക്കാണിക്കല്‍.

ജീവിത പങ്കാളിയുടെ പേര്, പ്രഖ്യാപിക്കപ്പെട്ട പൗരത്വം, മാതാപിതാക്കളുടെ വിവരങ്ങള്‍, സാക്ഷരതയും ഡിജിറ്റല്‍ സാക്ഷരതയും, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, കോവിഡ് വാക്‌സിനേഷന്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം തുടങ്ങിയവയാണ് മറ്റ് പുതിയ ചോദ്യങ്ങള്‍. ഇതില്‍ വ്യക്തിഗത രേഖകളുടെ നമ്പറുകള്‍ നല്‍കുന്നത് ഓപ്ഷണലാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും പൗരത്വ നിര്‍ണയത്തിനുള്ള വിവരശേഖരണമാണെന്നും കാണിച്ച് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.