വാഴ്സ്വ: വാഴ്ത്തപ്പെട്ട അമ്മയുടെ സ്വർഗാരോപണ തിരുനാൾ ദിനത്തിൽ യൂറോപ്പിന് ലഭിച്ച അമൂല്യ സമ്മാനമായി പരിശുദ്ധ കന്യകാമറിയത്തിന്റെ ഏറ്റവും വലിയ കൂറ്റൻ തിരുരുപം പോളണ്ടിൽ അനാച്ഛാദനം ചെയ്യപ്പെട്ടു.
വ്ലോക്ലാവെക് രൂപതാ ബിഷപ്പ് മോൺസിഞ്ഞോർ ക്രിസ്റ്റോഫ് വെന്റ്കോവ്സ്കിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പ്രത്യേക വിശുദ്ധ കുർബാനയോടനുബന്ധിച്ചായിരുന്നു ഈ ചരിത്രപ്രധാനമായ ചടങ്ങ്. നൂറുകണക്കിന് വിശ്വാസികളുടെയും വൈദികരുടെയും സാന്നിധ്യത്തിലായിരുന്നു തിരുരുപത്തിന്റെ ആശീർവാദവും അനാച്ഛാദനവും നടന്നത്.
പോളണ്ടിലെ കൊനോടോപ്പി ഗ്രാമത്തിന് സമീപമാണ് ദൈവമാതാവിന്റെ ഈ വിസ്മയകരമായ തിരുരുപം സ്ഥിതിചെയ്യുന്നത്. പീഠവും മാതാവിന്റെ രൂപവും അടക്കം ആകെ 55.6 മീറ്റർ (ഏകദേശം 182 അടി) ഉയരമാണ് ഇതിനുള്ളത്.
ഇതിൽ കിരീടത്തിന്റെ ആകൃതിയിലുള്ള മനോഹരമായ അടിത്തറയ്ക്ക് 15 മീറ്ററും മറിയത്തിന്റെ രൂപത്തിന് 40.8 മീറ്ററുമാണ് ഉയരം. ലോകപ്രശസ്തമായ ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള 'ക്രിസ്തുവിന്റെ രൂപ'ത്തെക്കാളും ഉയരക്കൂടുതലുള്ളതാണ് ഈ അത്ഭുത ശില്പം എന്നത് ഇതിന്റെ സവിശേഷതയാണ്.
പോളണ്ടിലെ പ്രമുഖ ശതകോടീശ്വരനായ റോമൻ കർകോസിക്കും ഭാര്യയും ചേർന്ന്, പരിശുദ്ധ അമ്മയോടുള്ള തങ്ങളുടെ അടിയുറച്ച ഭക്തിയുടെയും വിശ്വാസപ്രഖ്യാപനത്തിന്റെയും ഭാഗമായാണ് ഈ വലിയ സംരംഭം യാഥാർത്ഥ്യമാക്കിയത്.
ഏകദേശം 23 ദശലക്ഷം യൂറോയാണ് ഈ വിശുദ്ധ മന്ദിരത്തിന്റെ നിർമ്മാണച്ചെലവ്. ലോകമെമ്പാടുമുള്ള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വലിയൊരു തീർത്ഥാടന കേന്ദ്രമായി മാറാനൊരുങ്ങുകയാണ് ഈ ദേവാലയ സമുച്ചയം.