പാലാ: പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ വിശുദ്ധ കുർബാന മധ്യേ ഓസ്തി തട്ടിപ്പറിച്ചോടിയ അഞ്ച് യുവാക്കളെ വിശ്വാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇടവക വികാരി ഫാദർ ജോർജ് വെളൂപ്പറമ്പിൽ കുർബാന അർപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് സംഘം അതിക്രമിച്ചെത്തി ഓസ്തി തട്ടിയെടുത്തത്.
ബോബി ചെമ്മണ്ണൂരിന്റെ പരസ്യം പതിപ്പിച്ച ചുവന്ന ഇന്നോവ കാറിലെത്തിയ സംഘമാണ് കൃത്യം നിർവഹിച്ചത്. തുടർന്ന് പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ ചേർന്ന് ഇവരെ ഉടൻതന്നെ പിടികൂടുകയായിരുന്നു. ബ്ലാക്ക് മാസിന്റെ ആളുകളാണ് ഇവരെന്നും തട്ടിയെടുക്കുന്ന ഓസ്തി വിഗ്രഹാരാധനയ്ക്കാണ് ഉപയോഗിക്കാറുള്ളതെന്നും സംശയിക്കുന്നതായി വിശ്വാസികൾ പറഞ്ഞു.
വിശുദ്ധ കുർബാനയെ അപമാനിക്കാനുള്ള ഏതു ശ്രമത്തെയും ശക്തമായി ചെറുക്കുമെന്നും പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള മതമൈത്രി തകർക്കാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ സമീപിക്കുമെന്നും വിശ്വാസികൾ വ്യക്തമാക്കി.