വാഷിങ്ടണ്‍: മധ്യേഷ്യയില്‍ വിന്യസിച്ചിരിക്കുന്ന യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലിലെ സൈനികരുടെ ജീവിതാവസ്ഥയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമുള്ള മാധ്യമ വാര്‍ത്തകള്‍ തള്ളി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒന്‍പത് മാസമായി ദൗത്യത്തില്‍ തുടരുന്ന കപ്പലിലെ സാഹചര്യങ്ങള്‍ മോശമാണെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ അദേഹം, ലിങ്കണ് പകരം സമാന ശേഷിയുള്ള മറ്റൊരു വിമാനവാഹിനിക്കപ്പല്‍ ഉടന്‍ തന്നെ മധ്യേഷ്യന്‍ മേഖലയില്‍ എത്തിക്കുമെന്നും അറിയിച്ചു. കപ്പലില്‍ സേവനമനുഷ്ഠിക്കുന്ന സൈനികരുടെ കുടുംബങ്ങള്‍ ആശ്വാസത്തിലാണെന്നും അവര്‍ ആശങ്കാകുലരല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സാധാരണയായി ആറ് മാസക്കാലയളവിലേക്കാണ് ഇത്തരം വിമാനവാഹിനിക്കപ്പലുകള്‍ വിന്യസിക്കാറുള്ളത്. എന്നാല്‍ ഇറാനുമായുള്ള പ്രത്യേക സൈനിക സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എബ്രഹാം ലിങ്കണിന്റെ സേവന കാലാവധി ദീര്‍ഘിപ്പിക്കേണ്ടി വന്നത്. 2025 നവംബറില്‍ കാലിഫോര്‍ണിയയില്‍ നിന്ന് പുറപ്പെട്ട ഈ കപ്പല്‍, ഫെബ്രുവരി 28 ന് നടന്ന സൈനിക നീക്കങ്ങള്‍ക്ക് മുന്നോടിയായാണ് മധ്യേഷ്യന്‍ മേഖലയിലേക്ക് തിരിച്ചുവിട്ടത്.
അതേസമയം കപ്പലിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവും ദീര്‍ഘകാലത്തെ വിന്യാസവും സൈനികരെ കനത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കനത്ത മാനസിക സംഘര്‍ഷം കാരണം ചില സൈനികര്‍ കപ്പലില്‍ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശക്തമായി എതിര്‍ത്തുകൊണ്ട് യു.എസ് നേവി സെക്രട്ടറി ഹുങ് കാവോ രംഗത്തെത്തി. അമേരിക്കന്‍ സൈനികരെ ഇരകളായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദേഹം, ദൗത്യത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ചാണ് കാലാവധി നീട്ടിയതെന്ന് വിശദീകരിച്ചു.
എങ്കിലും സൈനികരുടെ സുരക്ഷയും കപ്പലിലെ യഥാര്‍ത്ഥ സാഹചര്യങ്ങളും മുന്‍നിര്‍ത്തി വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.