ചവറ്റുകുട്ടയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു; കൂറുമാറിയ നാവികനെ ഉക്രെയ്ന്‍ വധിച്ചത് റഷ്യന്‍ യുവതിയുടെ സഹായത്താല്‍

ചവറ്റുകുട്ടയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു; കൂറുമാറിയ നാവികനെ ഉക്രെയ്ന്‍ വധിച്ചത് റഷ്യന്‍ യുവതിയുടെ സഹായത്താല്‍

മോസ്‌കോ: മാതൃ രാജ്യത്തെ ഒറ്റുകൊടുത്ത് റഷ്യന്‍ പക്ഷത്തേക്ക് കൂറുമാറിയ ഉക്രെയ്ന്‍ നാവികനെ സ്ഫോടനത്തിലൂടെ കൊലപ്പെടുത്തി യുവതി. ഇക്കഴിഞ്ഞ വ്യാഴാഴ്ച റഷ്യയിലെ ക്രിമിയയിലാണ് സംഭവം. റോബര്‍ട്ട് ഷാഗീവ് എന്ന നാവികനാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മുപ്പത്തിരണ്ടുകാരിയായ മാര്‍ഗരിത റൂട്ട് എന്ന റഷ്യന്‍ യുവതി അറസ്റ്റിലായി. ഇവര്‍ക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഉക്രെയ്‌ന്റെ ഭാഗമായ ക്രീമിയ 2014 ല്‍ റഷ്യന്‍ പിടിച്ചടക്കിയപ്പോള്‍ കൂറുമാറി റഷ്യന്‍ പക്ഷത്തേക്ക് പോയ ഇയാള്‍ക്കെതിരെ ഉക്രെയ്ന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

ഉക്രേനിയന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് യുവതി സ്ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചവറ്റുകുട്ടയില്‍ ഒളിപ്പിച്ചു വച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ഷാഗീവ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചു. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതോടെ ഉക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണമാണെന്നാണ് പ്രദേശവാസികള്‍ ആദ്യം കരുതിയത്.

എന്നാല്‍ അന്വേഷണത്തില്‍ ചവറ്റുകുട്ടയില്‍ ഒളിപ്പിച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് പിന്നീട് വ്യക്തമായി. കൃത്യത്തിന് ശേഷം രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്ന മാര്‍ഗരിത അറസ്റ്റിലായതിന് പിന്നാലെ കുറ്റം സമ്മതിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2014 ല്‍ റഷ്യ ക്രീമിയ പിടിച്ചെടുത്തപ്പോള്‍ ഉക്രെയ്‌നിന്റെ കൈവശമുണ്ടായിരുന്ന ഏക അന്തര്‍വാഹിനിയായ 'സപോരിഷിയ' എന്ന കപ്പലിന്റെ ആക്ടിംഗ് കമാന്‍ഡര്‍ ആയിരുന്നു റോബര്‍ട്ട് ഷാഗീവ്.

റഷ്യന്‍ പക്ഷത്തേക്ക് കൂറുമാറിയതോടെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉക്രെയ്ന്‍ അന്വേഷിച്ചിരുന്ന ഷാഗീവ് പിന്നീട് റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിലും പങ്കാളിയായിരുന്നു. അന്തര്‍വാഹിനികളില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫ്‌ളീറ്റിലും ഷാഗീവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

യാരോസ്ലാവ് സ്വദേശിനിയായ മാര്‍ഗരിത റൂട്ട് സോചിയിലും ക്രീമിയയിലുമാണ് താമസിച്ചിരുന്നത്. ബയോളജിസ്റ്റായി ജോലി ചെയ്തിരുന്ന ഇവര്‍ മുന്‍പ് എസ്‌കോര്‍ട്ട് വെബ്സൈറ്റുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉക്രേനിയന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ഇവര്‍ എങ്ങനെയൊക്കെ ബന്ധപ്പെട്ടു എന്നത് വ്യക്തമല്ല.

യുക്രെയ്ന്‍ അനുകൂല പരാമര്‍ശം നടത്തിയ കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഇവര്‍ അറസ്റ്റിലായിരുന്നു. സാമാറയില്‍ നിന്ന് ആഡ്ലറിലേക്ക് പോയ ട്രെയിനില്‍ വച്ച് 'റഷ്യക്കാര്‍ക്ക് അങ്ങനെ തന്നെ വേണം' എന്ന് ആക്രോശിച്ചതിന് മാര്‍ഗരിതയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തിരുന്നു. റഷ്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് ഇവര്‍ക്ക് 365 ഡോളര്‍ പിഴയും വിധിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.