റോം: വ്യവസ്ഥാപിതമായ അതിരുകൾക്കപ്പുറവും ദൈവകൃപ പ്രവർത്തിക്കുമെന്ന് തിരിച്ചറിയണമെന്നും മനുഷ്യൻ്റെ അന്തസിനെ തരംതാഴ്ത്തുന്ന വിവേചനങ്ങളും തടസങ്ങളും മറികടക്കണമെന്നും സഭാതനയരോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച ത്രികാലജപ പ്രാർഥനയ്ക്കായി കാസൽ ഗാൻഡോൾഫോയിൽ ഒരുമിച്ചുകൂടിയ തീർത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ.
യേശുവിൻ്റെ അടുത്ത് സഹായം അഭ്യർത്ഥിച്ചെത്തിയ കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തെപ്പറ്റിയുള്ള ആ ദിവസത്തെ വായനയെ ആസ്പദമാക്കിയാണ് പാപ്പാ വിചിന്തനങ്ങൾ പങ്കുവച്ചത്.
തലേദിവസം ആഘോഷിച്ച സ്വർഗാരോപണ തിരുനാളിനെ അനുസ്മരിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് പ്രസംഗം ആരംഭിച്ചത്. മരണത്തിനുപോലും വേർപെടുത്താൻ കഴിയാത്ത ആത്മാവിന്റെയും ശരീരത്തിന്റെയും അഭേദ്യമായ ബന്ധമാണ് പരിശുദ്ധ കന്യകാമറിയത്തിന് അവളുടെ പുത്രനുമായുള്ളതെന്ന് പാപ്പാ പറഞ്ഞു. യേശുവിനെ അനുഗമിക്കുന്നവർക്കായി ഇതേ ലക്ഷ്യസാഫല്യമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിൻ്റെ ഉത്ഥാനം 'ഒരു ഭൂതകാല സംഭവമല്ല മറിച്ച്, നാം ഓരോരുത്തരെയും ഉൾചേർത്തുകൊണ്ടിരിക്കുന്ന പുതുജീവനാണ്' എന്ന് ഓരോ ഞായറാഴ്ചയും നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
നേരത്തെതന്നെ വേരുറച്ച വിശ്വാസം
ഇന്നത്തെ ആരാധനക്രമ വായനയിലെ (മത്തായി 15:21-28) കാനാൻകാരി സ്ത്രീ, യേശുവിൻ്റെ ജനത്തിൽപെടാത്തവളും അന്യദേശക്കാരിയും ആയിരുന്നെങ്കിലും യേശുവിനോടു സംസാരിക്കുന്നതിനുവേണ്ടി അവൾ നിർബന്ധപൂർവ്വം പരിശ്രമിച്ചു. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അവിടുത്തോടുള്ള വിശ്വാസം അവളുടെയുള്ളിൽ ഇതിനകം വേരുറച്ചിരുന്നു. പിശാചിനാൽ പീഡിപ്പിക്കപ്പെടുന്ന തൻ്റെ പുത്രിയുടെ ആശ്വാസം മാത്രമാണ് അവൾ വിശ്വാസപൂർവ്വം യേശുവിൻ്റെ മുമ്പിൽ സമർപ്പിച്ചത്. ദാവീദിന്റെ വംശത്തിൽപ്പെട്ട മിശിഹായായി അവൾ യേശുവിനെ തിരിച്ചറിഞ്ഞു. (മത്തായി 15: 22)
ഈ സ്ത്രീ നേരിടേണ്ടിവന്ന തടസ്സങ്ങളും സുവിശേഷം മറച്ചുവയ്ക്കുന്നില്ല. ശിഷ്യന്മാർ അവളെ ഒരു ശല്യക്കാരിയായി കരുതി. യേശു തന്നെയും തുടക്കത്തിൽ അവളെ അവഗണിക്കുകയും അവളുടെ അപേക്ഷകൾ നിരസിക്കുകയുമാണ് ചെയ്തത്. എങ്കിലും അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു. താൻ അവളിൽ കണ്ടതും കേട്ടതും തൻ്റെ ഹൃദയത്തെ തൊടാൻ അവിടന്ന് അനുവദിച്ചു. ഒടുവിൽ അവിടന്ന് അവളോടു പറഞ്ഞു: 'സ്ത്രീയേ, നിന്‍റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതു പോലെ നിനക്കു ഭവിക്കട്ടെ.' (മത്തായി 15 : 28)
ദൈവത്തിൻ്റെ പ്രവൃത്തികൾ വിസ്മയകരം
കാനാൻകാരി സ്ത്രീയും യേശുവും തമ്മിലുള്ള കണ്ടുമുട്ടൽ ഈ കാലഘട്ടത്തിലെ സഭയെയും ഒരു സുപ്രധാന പാഠം പഠിപ്പിക്കുന്നു. ദൈവത്തിൻ്റെ പ്രവൃത്തികളിൽ വിസ്മയഭരിതയായി, നിശ്ചയിക്കപ്പെട്ട അതിരുകൾക്കപ്പുറവും ക്രിസ്തുവിൻ്റെ സമാധാനം വ്യാപിപ്പിക്കാൻ സഭ തന്നെത്തന്നെ ഒരുക്കണം. പലപ്പോഴും സഭയുടെ ഈ ദൗത്യത്തിന്റെ മുന്നൊരുക്കമെന്നവണ്ണം ദൈവകൃപ മനുഷ്യ മനസാക്ഷിയിൽ പ്രവർത്തിക്കാറുണ്ട്. അതിനാൽ, നമ്മുടെ പദ്ധതികൾക്ക് തടസ്സം നേരിട്ടാൽതന്നെയും കണ്ണുകളും ഹൃദയവും തുറന്ന് ദൈവം നമ്മോട് പറയാൻ ആഗ്രഹിക്കുന്നത് നാം ശ്രദ്ധാപൂർവ്വം കേൾക്കണം.
ദൈവത്തിൻ്റെ മേശ എല്ലാവർക്കുമായി തയ്യാറാക്കപ്പെട്ടത്
പാപ്പാ തുടർന്നു: കാനാൻകാരി സ്ത്രീയിൽനിന്ന് വിനയവും നിശ്ചയദാർഢ്യവും എന്താണെന്ന് വിശ്വാസികൾ പഠിക്കണം. 'ദൈവത്തിൻ്റെ മേശ എല്ലാവർക്കുമായി തയ്യാറാക്കപ്പെട്ടിരിക്കുന്നതാണെന്നും ആർക്കും അപ്പക്കഷണങ്ങൾ മാത്രമല്ല നീക്കിവച്ചിട്ടുള്ളതെന്നും' അവളുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. കാരണം, ഓരോ വ്യക്തിക്കും പിതാവിൻ്റെ പക്കൽ അവരവരുടെ സ്ഥാനമുണ്ട്.
ഈ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോൾ, ദൈവത്തിൻ്റെ പുത്രീപുത്രന്മാരായ അനേകം മനുഷ്യരുടെ അന്തസിനെ ചവിട്ടിമെതിക്കുന്ന അസമത്വങ്ങളും വിവേചനങ്ങളും തടസ്സങ്ങളും അസഹ്യമായി മാറുന്നു. കഷ്ടതകൾക്കു നടുവിലും സമാധാനം അന്വേഷിക്കുന്ന ഒരു ലോകത്തിലാണ് ഇന്നത്തെ സഭ ആയിരിക്കുന്നത്.
'അതിനാൽ, നമുക്ക് പരിശുദ്ധ കന്യാമറിയത്തിന്റെ അധരങ്ങളിലൂടെ ഉച്ചരിക്കപ്പെട്ട, ശക്തവും നവ്യവുമായ സ്തോത്രഗീതത്തെ അനുസ്മരിക്കുകയും അവളുടെ മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്യാം. കാരണം, മറിയത്തിന്റെ ഈ സ്തോത്രഗീതം ദൈവത്തിൻ്റെ ദൃഷ്ടികളിലൂടെ ലോകത്തെ നോക്കിക്കാണുന്നു' - ഈ വാക്കുകളോടെ ലിയോ പാപ്പാ തൻ്റെ സന്ദേശം അവസാനിപ്പിച്ചു.