ഗള്‍ഫ് വ്യോമപാതയില്‍ യുദ്ധഭീതി: വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി; പ്രവാസികള്‍ വന്‍ പ്രതിസന്ധിയില്‍

ഗള്‍ഫ് വ്യോമപാതയില്‍ യുദ്ധഭീതി: വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി; പ്രവാസികള്‍ വന്‍ പ്രതിസന്ധിയില്‍

ദുബായ്: ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത യുദ്ധസമാനമായ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വ്യോമപാതകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പ്രതിസന്ധിയില്‍. പ്രമുഖ ആഗോള വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ സര്‍വീസുകള്‍ റദ്ദാക്കുകയോ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുകയോ ചെയ്തതോടെ ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.

എമിറേറ്റ്സ്, ഇത്തിഹാദ്, ബ്രിട്ടീഷ് എയര്‍വേയ്സ്, എയര്‍ ഫ്രാന്‍സ്, കെഎല്‍എം, എയര്‍ കാനഡ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ദുബായ്, റിയാദ്, ബഹ്‌റിന്‍, ദോഹ, അബുദാബി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മുന്‍കൂട്ടി കൃത്യമായ വിവരങ്ങള്‍ നല്‍കാതെ അവസാന നിമിഷം സര്‍വീസുകള്‍ റദ്ദാക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വീസ കാലാവധി തീരാറായവരും അത്യാവശ്യമായി ജോലി സ്ഥലങ്ങളില്‍ എത്തേണ്ടവരുമാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്.

ഗള്‍ഫിലെ അടിയന്തര സാഹചര്യം കേരളത്തിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം തുടര്‍ച്ചയായി റദ്ദാക്കിയത് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷമാണ് സര്‍വീസ് റദ്ദാക്കിയ വിവരവും പകരം ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന അറിയിപ്പും കമ്പനി നല്‍കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് കൃത്യമായ മറുപടി ലഭിക്കാതെ മണിക്കൂറുകളോളം കരിപ്പൂരില്‍ ദുരിതം അനുഭവിച്ചത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്ഥിതി ഭിന്നമല്ല. ദുബായ്, അബുദാബി, ദോഹ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, എയര്‍ അറേബ്യ വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകിയാണ് സര്‍വീസ് നടത്തിയത്. ഫുജൈറയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനവും അനിശ്ചിതത്വത്തിലായി. ഇതിനിടെ കൊച്ചിയില്‍ നിന്ന് 290 യാത്രക്കാരുമായി ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഹൈഡ്രോളിക് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. തുടര്‍ന്ന് പ്രതിഷേധിച്ച യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. ഗള്‍ഫ് വ്യോമപാത സാധാരണ നിലയിലാകുന്നതുവരെ യാത്രാ തടസങ്ങള്‍ തുടരാനാണ് സാധ്യത.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.