കാണ്‍പൂരില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റും സഹപൈലറ്റും മരിച്ചു

കാണ്‍പൂരില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റും സഹപൈലറ്റും മരിച്ചു

കാണ്‍പൂര്‍: സ്വകാര്യ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റും സഹപൈലറ്റും മരിച്ചു. കാണ്‍പൂരില്‍ ഗംഗാ നദിക്കരയിലുള്ള വയലിലാണ് വിമാനം തകര്‍ന്ന് വീണത്. കാണ്‍പൂര്‍ ആസ്ഥാനമായുള്ള 'ഗാര്‍ഗ് ഏവിയേഷന്‍' എന്ന പരിശീലന സ്ഥാപനത്തിന്റെ വിമാനമാണ് ഗംഗാ ബാരേജ് മേഖലയില്‍ തകര്‍ന്നു വീണത്.

അപകടത്തിന് പിന്നാലെ നാട്ടുകാര്‍ സ്ഥലത്തെത്തി പൈലറ്റിനെയും സഹപൈലറ്റിനെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരട്ട എഞ്ചിനുള്ള നാല് സീറ്റ് വിമാനമാണ് തകര്‍ന്നു വീണത്.

പൈലറ്റുമാരില്‍ ഒരാള്‍ പരിശീലനാര്‍ത്ഥിയും മറ്റൊരാള്‍ പരിശീലകനുമായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള സച്ചിന്‍ ഭാട്ടിയ, കര്‍ണാടകയില്‍ നിന്നുള്ള അഭിഷേക് പൂജാരി എന്നിവരാണ് മരിച്ചത്. ഇവര്‍ കാണ്‍പൂരിലെ ഗാര്‍ഗ് ഏവിയേഷന്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന് രാവിലെ 11:30 നാണ് പറന്നുയര്‍ന്നത്.

അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 2023 ലാണ് ഈ പരിശീലന വിമാനം കേന്ദ്രത്തിലെത്തിച്ചതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അപകട കാരണമറിയാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം നടത്തും.

അപകടത്തില്‍ മരിച്ച പൈലറ്റുമാരുടെ കുടുംബങ്ങളോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കാനും ഈ വലിയ നഷ്ടം താങ്ങാനുള്ള കരുത്ത് കുടുംബങ്ങള്‍ക്ക് ലഭിക്കാനും പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.