ന്യൂഡല്‍ഹി: നാല് പതിറ്റാണ്ടിലേറെ കേരള പൊലീസിനെ വട്ടം കറക്കിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഒളിവില്‍ കഴിയുന്നതായി സൂചന. പേരും രൂപവും മാറ്റി ബ്രൂണെയിലെ ഇന്ത്യന്‍ സമൂഹവുമായോ മലയാളികളുമായോ പരമാവധി അകലം പാലിച്ച് ഒറ്റപ്പെട്ടാണ് താമസിക്കുന്നതായാണ് വിവരം.
അബുദബിയിലുള്ള ഭാര്യയേയും മക്കളേയും സുകുമാരക്കുറുപ്പ് നിരന്തരം ബന്ധപ്പെടുന്നതിന്റെയും വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള മലയാളിയായ ഒരാളുടെ ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
2023 ല്‍ എടുത്ത ചിത്രമാണിത്. ഒരു സൈബര്‍ വിദഗ്ദന്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രൂണെയിലുള്ള മലയാളികളുടെ സഹായത്തോടെയാണ് സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്ന വയോധികന്റെ താമസ സ്ഥലത്തെത്തിയത്.
മാത്രമല്ല ഇയാള്‍ ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടല്‍ കണ്ടെത്തി. ഇവിടെനിന്ന് പിന്തുടര്‍ന്നാണ് ഇയാള്‍ താമസിക്കുന്ന സ്ഥലത്തെത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷണം തുടങ്ങിയതായാണ് വിവരം.
സുകുമാരക്കുറുപ്പിന്റെ പാസ്പോര്‍ട്ടിന്റെ കാലാവധി നേരത്തെ തന്നെ കഴിഞ്ഞിരുന്നു. ഇതിന് ശേഷം മലേഷ്യയില്‍ നിന്ന് വ്യാജരഖ ചമച്ച് പാസ്പോര്‍ട്ട് സംഘടിപ്പിച്ചിരുന്നുവെങ്കിലും അതിന്റെയും കാലാവധി കഴിഞ്ഞിരുന്നു. പിന്നീട് നിയമവിരുദ്ധമായാണ് ബ്രൂണെയില്‍ താമസിക്കുന്നതെന്നാണ് വിവരം.
എന്നാല്‍ ഇയാള്‍ സുകുമാരക്കുറുപ്പാണ് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇത് ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികളാണ്. അതിന് ശാസ്ത്രീയമായ രേഖകള്‍ ആവശ്യമാണ്. മലേഷ്യ-ബ്രൂണെ അതിര്‍ത്തിയോട് ചേര്‍ന്ന സിംപാങ് എന്ന സ്ഥലത്താണ് സുകുമാരക്കുറുപ്പ് എന്ന് സംശയിക്കുന്ന ആള്‍ താമസിക്കുന്നത്.
1984 ലാണ് ഗോപാലകൃഷ്ണക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് ചാക്കോ എന്നയാളെ ഇന്‍ഷുറന്‍സ് പണത്തിന് വേണ്ടി കൊലപ്പെടുത്തി നാടുവിട്ടത്. പതിറ്റാണ്ടുകളായി കേരള പൊലീസ് അന്വേഷിക്കുന്ന കേസില്‍ ഇന്റര്‍പോള്‍ അടക്കം അന്വേഷിക്കുന്നുണ്ട്.