ബ്രിക്‌സ് ഉച്ചകോടി: പുടിനും ഷിയും ഡല്‍ഹിയില്‍; കനത്ത സുരക്ഷയില്‍ തലസ്ഥാന നഗരി

ബ്രിക്‌സ് ഉച്ചകോടി: പുടിനും ഷിയും ഡല്‍ഹിയില്‍; കനത്ത സുരക്ഷയില്‍ തലസ്ഥാന നഗരി

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യമരുളുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ശനിയാഴ്ച ഡല്‍ഹിയില്‍ തുടക്കമാകും. ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ആഗോള നേതാക്കള്‍ നേരിട്ടെത്തും. വെള്ളിയാഴ്ച രാവിലെ പാലം വ്യോമസേനാ താവളത്തിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അദേഹവുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബെലാറഷ്യന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കാഷെങ്കോ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താഹ് അല്‍-സിസി, കസാഖ് പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ്, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, തായ് പ്രധാനമന്ത്രി അനുതിന്‍ ചാര്‍ണ്‍വിരാകുല്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ബ്രസീലിയന്‍ പ്രസിഡന്റിന് പകരം വിദേശകാര്യ മന്ത്രി മൗറോ വിയേരയും യുഎഇ പ്രസിഡന്റിന് പകരം അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് എത്തിയിട്ടുള്ളത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ചടങ്ങിന്റെ ഭാഗമായേക്കും.

ലോകനേതാക്കളുടെ വരവിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 15,000 പൊലീസ് ഉദ്യോഗസ്ഥരും 200 കമ്പനി പാരാമിലിട്ടറി സേനയും ഉള്‍പ്പെടെ മുപ്പതിനായിരത്തോളം സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. വിമാനത്താവളം, നേതാക്കള്‍ തങ്ങുന്ന ഹോട്ടലുകള്‍, പ്രധാന വേദിയായ ഭാരത് മണ്ഡപം എന്നിവിടങ്ങളില്‍ കനത്ത നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. 500 ല്‍ അധികം സിസിടിവി ക്യാമറകള്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, വാഹന നമ്പര്‍ പരിശോധനാ സംവിധാനങ്ങള്‍ എന്നിവ വഴി 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കി.

മഥുര റോഡ്, സര്‍ദാര്‍ പട്ടേല്‍ മാര്‍ഗ്, ജന്‍പഥ് തുടങ്ങി 35 ല്‍ അധികം പ്രധാന പാതകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നോയിഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന ചരക്ക് വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ഗതാഗത തടസം കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാരുടെയും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും യാത്ര ഒറ്റ ബസിലാക്കി ചുരുക്കി.

റഷ്യ, ഇറാന്‍ പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാപാര വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമ്പോള്‍, 2020 ലെ ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.